Asianet News MalayalamAsianet News Malayalam

ഞാനല്ല, അവരാണ് വിജയത്തിലേക്ക് നയിച്ചത്! കിരീടനേട്ടത്തിന് പിന്നാലെ സഹതാരങ്ങളെ പ്രകീര്‍ത്തിച്ച് സ്റ്റോക്‌സ്

മത്സരശേഷം സ്‌റ്റോക്‌സ് വിജയത്തെ കുറിച്ച് സംസാരിച്ചു. ആദില്‍ റഷീദ്, സാം കറന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്.

Ben Stokes on T20 world cup final victory over Pakistan and more
Author
First Published Nov 13, 2022, 6:28 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായ പ്രകടനം പുറത്തെടുത്ത താരമാണ് ബെന്‍ സ്റ്റോക്‌സ്. പാകിസ്ഥാന്‍ പേസര്‍മാരെ ചെറുത്തുനിന്ന സ്റ്റോക്‌സ് 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു. ടി20 കരിയറില്‍ സ്റ്റോക്‌സിന്റെ ആദ്യ അര്‍ധ സെഞ്ചുറി കൂടിയായിരുന്നു ഇത്. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. 19-ാം ഓവറിലാണ് ഇംഗ്ലണ്ട് വിജയം പൂര്‍ത്തിയാക്കിയത്. 

മത്സരശേഷം സ്‌റ്റോക്‌സ് വിജയത്തെ കുറിച്ച് സംസാരിച്ചു. ആദില്‍ റഷീദ്, സാം കറന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഫൈനലുകളില്‍, പ്രത്യേകിച്ച സ്‌കോര്‍ പിന്തുടരുമ്പോള്‍ അതിന് മുമ്പുള്ള കഠിനാധ്വാനത്തെ കുറിച്ച് ആരും ഓര്‍ക്കാറില്ല. ആദില്‍ റഷീദും സാം കറനും ഫൈനല്‍ ജയിക്കുന്നതില്‍ വലിയ പങ്കുണ്ടായിരുന്നു. കളിക്കാന്‍ അല്‍പം ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു മെല്‍ബണിലേത്. പാകിസ്ഥാനെ ഈ സ്‌കോറില്‍ ഒതുക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അയര്‍ലന്‍ഡിനോട് പരാജയപ്പെട്ടത് എടുത്തുപറയണം. ആ തോല്‍വിയാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്. മികച്ച ടീമുകള്‍ തോല്‍വിയില്‍ നിന്ന് പഠിക്കും. ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.'' സ്‌റ്റോക്‌സ് മത്സരശേഷം പറഞ്ഞു.

മല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.

വീണ്ടും ബെന്‍ സ്‌റ്റോക്‌സിന്റെ ബിഗ് ഷോ! ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ വീണു, ഇംഗ്ലണ്ടിന് കിരീടം
 

Follow Us:
Download App:
  • android
  • ios