Asianet News MalayalamAsianet News Malayalam

വീണ്ടും ബെന്‍ സ്‌റ്റോക്‌സിന്റെ ബിഗ് ഷോ! ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ വീണു, ഇംഗ്ലണ്ടിന് കിരീടം

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.

Ben Stokes fifty helps England to win over Pakistan in T20 World Cup
Author
First Published Nov 13, 2022, 5:12 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം. 

138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്‌സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്‌ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്‌റ്റോക്‌സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണം. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ സ്റ്റോക്‌സ് വിജയം പൂര്‍ത്തിയാക്കി.

നേരത്തെ, കരുതലോടെ തുടങ്ങിയ മുഹമ്മദ് റിസ്വാനും (15) ബാബര്‍ അസമും (32) ക്രിസ് വോക്‌സിന്റെ നാലാം ഓവറിലാണ് അറ്റാക്ക് ചെയ്തുതുടങ്ങുന്നത്. വോക്‌സ് എറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്ത് തന്നെ സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്‌സ് പറത്തി റിസ്വാന്‍ ആ ഓവറില്‍ 12 റണ്‍സടിച്ച് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിന് ഗതിവേഗം നല്‍കി. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് റിസ്വാനെ(14 പന്തില്‍ 15) ബൗള്‍ഡാക്കി സാം കറന്‍ ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. വണ്‍ഡൗണായി എത്തിയ മുഹമ്മദ് ഹാരിസ് ആദ്യ പന്ത് മുതല്‍ അടിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ഏഴാം പന്തിലാണ് ആദ്യ റണ്ണെടുത്തത്. പവര്‍ പ്ലേയിലെ അവസാന പന്ത് ബൗണ്ടറി കടത്തി ഹാരിസ് അക്കൗണ്ട് തുറന്നു. 

പവര്‍ പ്ലേയില്‍ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെടുത്തു. പവര്‍ പ്ലേക്ക് പിന്നാലെ ബിഗ് ഹിറ്ററായ മുഹമ്മദ് ഹാരിസിനെ(12 പന്തില്‍ 8) മടക്കി റഷീദ് പാക് കുതിപ്പിന് കടിഞ്ഞാണിട്ടു. ബാബറിനൊപ്പം ചേര്‍ന്ന ഷാന്‍ മസൂദ് പാക്കിസ്ഥാനെ എട്ടാം ഓവറില്‍ 50 കടത്തി. പത്തോവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സ് മാത്രമുണ്ടായിരുന്ന പാക്കിസ്ഥാന്‍ ലിയാം ലിവിംഗ്സ്റ്റണ്‍ എറിഞ്ഞ പതിനൊന്നാം ഓവറില്‍ 16 റണ്‍സടിച്ച് ഗിയര്‍ മാറ്റിയെങ്കിലും പന്ത്രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ആദില്‍ റഷീദ് ബാബറിനെ(28 പന്തില്‍ 32)ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കിയതോടെ പാക് കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പിന്നാലെ ബെന്‍ സ്റ്റോക്‌സ് ഇഫ്തീഖര്‍ അഹമ്മദിനെ(0) ജോസ് ബട്ലറുടെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്‍ 84-4ലേക്ക് വീണു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഷാന്‍ മസൂദും ഷദാബ് ഖാനും ചേര്‍ന്ന് അടി തുടങ്ങിയതോടെ പാക്കിസ്ഥാന്‍ 15-ാം ഓവറില്‍ 100 കടന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ 106-4 ആയിരുന്നു പാക് സ്‌കോര്‍. നിലയുറപ്പിച്ച ഷാന്‍ മസൂദിനെ(28 പന്തില്‍ 38) പതിനേഴാം ഓവറില്‍  സാം കറനും ഷദാബ് ഖാനെ(14 പന്തില്‍ 20) പതിനെട്ടാം ഓവറില്‍ ക്രിസ് ജോര്‍ദാനും വീഴ്ത്തിയതോടെ 150 കടക്കാമെന്ന പാക് പ്രതീക്ഷ തകര്‍ന്നു. അവസാന പ്രതീക്ഷയായ മുഹമ്മദ് നവാസിനെ(5) പത്തൊമ്പതാം ഓവറില്‍ സാം കറന്‍ മടക്കിയതോടെ പാക് പോരാട്ടം അവസാനിച്ചു. അവസാന അഞ്ചോവറില്‍ ഒരേയൊരു ബൗണ്ടറി മാത്രം നേടിയ പാക്കിസ്ഥാന് ആകെ നേടാനായത് 31 റണ്‍സ് മാത്രം. ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറിര്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് നാലോവറിര്‍ 22 റണ്‍സിനും ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 27 റണ്‍സിനും രണ്ട് വിക്കറ്റ് വീതമെടുത്തു.

Follow Us:
Download App:
  • android
  • ios