സംഭവിച്ചതൊക്കെയും പരിചിതമായാതോ, പ്രതീക്ഷിച്ചതോ, അല്ലെങ്കില്‍ എന്നെങ്കിലും സാധ്യമാകുമെന്ന് കരുതിയതോ ആയിരുന്നില്ല

വിവ് റിച്ചാർഡ്‌സിനെക്കുറിച്ച് രസകരമായൊരു കഥയുണ്ട്.

1969-70 സീസണിലെ ലീവാര്‍ഡ് ഐലൻഡ്‌സ് ടൂർണമെന്റ്, 16 വയസ് മാത്രം പ്രായമുള്ളൊരു കൗമാരതാരത്തേക്കുറിച്ച് അന്ന് ലോകത്തിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, 'He is something special, precious'.

ആന്റിഗ്വയ്ക്കായി അവനിറങ്ങി, സെന്റ് കിറ്റ്സ് ഐലൻഡിനെതിരെ. സെന്റ് ജോണ്‍സ് റിക്രിയേഷൻ ഗ്രൗണ്ടിന് ചുറ്റും അണിനിരന്ന ആറായിരത്തോളം കാണികള്‍ക്ക് ഒറ്റ ഉദ്ദേശമെയുണ്ടായിരുന്നുള്ളു, ആ പയ്യന്റെ ബാറ്റിങ് പ്രകടനം കാണണം.

ബാറ്റ് ചെയ്ത ആന്റിഗ്വയുടെ ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ, മൈതാനം ഇരമ്പി. സെന്റ് കിറ്റ്സിന്റെ ബൗളര്‍മാരോട് കൊമ്പുകോ‍ര്‍ത്ത് റിച്ചാര്‍ഡ്സ് ക്രീസിലേക്കെത്തി. നേരിട്ട ആദ്യ പന്തില്‍ ഫോര്‍വേഡ് ഡിഫൻസിനെ ശ്രമിച്ചു റിച്ചാര്‍ഡ്സ്, പാഡില്‍ തട്ടി ഷോര്‍ട്ട് ലെഗില്‍ ക്യാച്ച്.

സെന്റ് കിറ്റ്സിന്റെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍, തന്റെ ബാറ്റില്‍ കോണ്‍ടാക്റ്റില്ലായെന്ന് റിച്ചാര്‍ഡ്‌സ് ആവ‍ര്‍ത്തിച്ചുകൊണ്ടേയിരുന്നു, അമ്പയറോട് കയ‍ര്‍ത്ത് മിനുറ്റുകള്‍ക്ക് ശേഷമാണ് പവലിയനിലേക്ക് മടങ്ങാൻ പോലും റിച്ചാര്‍ഡ്‌സ് തയാറായത്.

ശേഷം, മൈതാനം കണ്ടത് കലാപസമാനമായ സാഹചര്യമായിരുന്നു, ആരാധകര്‍ സ്റ്റാൻസിന് തീയിട്ടു, ഗ്രൗണ്ട് കീഴടക്കി, അമ്പയര്‍ക്ക് നേരെ പലരും പാഞ്ഞടുത്തു, അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു, നൊ വിവ്, നൊ മാച്ച്.

രണ്ട് മണിക്കൂറായിട്ടും പ്രതിഷേധം അടങ്ങിയില്ല, സമാധാനം പുനസ്ഥാപിക്കാൻ മാച്ച് ഓഫീഷ്യലുകള്‍ക്ക് മുന്നില്‍ ഒരു മാര്‍ഗമെയുണ്ടായിരുന്നുള്ളു, റിച്ചാര്‍ഡ്സിന് വീണ്ടും ബാറ്റ് ചെയ്യാൻ അവസരം കൊടുക്കുക...അവരത് ചെയ്തു...ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒജി ഓറ മൊമന്റ് അവിടെ പിറവികൊണ്ടു. റിച്ചാര്‍ഡ്സ് വീണ്ടും ക്രീസിലേക്ക്...

അരനൂറ്റാണ്ടിന്റെ ദൂരത്തിനപ്പുറം മറ്റൊരു എൻട്രി കൂടി അങ്ങനെ അടയാളപ്പെടുത്തേണ്ടി വന്നിരിക്കുന്നു. നവംബര്‍ 24, ദോഹ. യുഎഇ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം വെട്ടിപ്പിടിക്കാൻ അവനിറങ്ങിയ നിമിഷം, വൈഭവ് സൂര്യവംശി.

സംഭവിച്ചതൊക്കെയും പരിചിതമായാതോ, പ്രതീക്ഷിച്ചതോ, അല്ലെങ്കില്‍ എന്നെങ്കിലും സാധ്യമാകുമെന്ന് കരുതിയതോ ആയിരുന്നില്ല. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ വന്ന സാഹിദ് അലിയുടെ ഫുള്‍ ലെങ്ത് പന്ത് ലീവ് ചെയ്താണ് തുടങ്ങുന്നത്, അടുത്ത ഡെലിവറി ഡിഫൻസും, Something very rare from Vaibhav.

Enough എന്ന് തോന്നിക്കാണണം, ശേഷം മുന്നിലെത്തിയ മൂന്ന് പന്തുകളും നിലം തൊടാതെ ബൗണ്ടറി കടന്നു, മൂന്നാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ അര്‍ദ്ധ സെഞ്ചുറിയും. ടി20 ക്രിക്കറ്റിന്റെ അപ്പോസ്തലനായ അഭിഷേക് ശര്‍മയ്ക്ക് അതുവരെ ലഭിച്ചത് രണ്ട് പന്തുകള്‍ മാത്രമാണ്, രണ്ട് റണ്‍സും. വൈകാതെ മടങ്ങുകയും ചെയ്തു. പ്രഭ്‌സിമ്രാൻ വന്നു, സിംഗിള്‍ എടുത്തു, വൈഭവ് തുടര്‍ന്നു.

ഇബ്രാ‍ര്‍ അഹമ്മദിന് ഫോറും സിക്സും, സിമ്രാൻജീത് സിങ്ങിന് മൂന്ന് സിക്സറുകള്‍. ഏഴാം ഓവര്‍ എറിയാൻ ഇബ്രാര്‍ വന്നപ്പോള്‍ റെക്കോര്‍ഡുകള്‍ ഓരോന്നായി വീണുതുടങ്ങി. സുരേഷ് റെയ്നയുടെ ഐക്കോണിക്ക് ഇന്നിങ്സ്, 25 പന്തില്‍ 87 റണ്‍സ്. 29 പന്തില്‍ ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്ക് നേടിയ ലിസ്റ്റ് എയിലെ അതിവേഗ സെഞ്ചുറി. സാക്ഷാല്‍ എബി ഡീവില്ലിയേഴ്സ് 31 പന്തില്‍ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ ശതകം...അങ്ങനെ വീണതൊക്കെ ഐസിഹാസിക നോക്കുകള്‍.

28 പന്തുകള്‍ മാത്രമെ വൈഭവിന് വേണ്ടിവന്നുള്ളു മൂന്നക്കം തൊടാൻ, അതും ഇബ്രാറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് പായിച്ച്. ശേഷം ഹെല്‍മറ്റൂരി ബാറ്റിലൊന്ന് ചുമ്പിച്ച് ആകാശത്തേക്ക് ചൂണ്ടി. ഒപ്പം നിഷ്കളങ്കമായൊരു ചിരിയും...

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോഴേക്കും ഇന്ത്യയുടെ സ്കോര്‍ 183-2 ആണ്, വൈഭവിന്റെ സംഭാവന 40 പന്തില്‍ 151 റണ്‍സ്. ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നറായ ഉദിഷ് സൂരിക്കെങ്കിലും വൈഭവിനെ അല്‍പ്പമെങ്കിലും പിടിച്ചുകെട്ടാൻ സാധിക്കുമെന്ന് കരുതിയ യുഎഇക്ക് തെറ്റി, ഏഴാം ഓവറിന്റെ ആവര്‍ത്തനം പോലെ, ഇക്കുറി മുപ്പത് തൊട്ടില്ല, 28ല്‍ അവസാനിച്ചു ഉദിഷിന്റെ ഓവര്‍. നാല് സിക്സും ഒരു ഫോറും. 163ല്‍ വൈഭവിനെ മടക്കാൻ ലഭിച്ച സുവര്‍ണാവസരം സ്വീപ്പര്‍ കവറില്‍ നഷ്ടപ്പെടുത്തിയതിന്റെ ശിക്ഷ വൈകാതെ തന്നെ യുഎഇയ്ക്ക് ലഭിച്ചു.

13-ാം ഓവറിലെ നാലാം പന്ത്. വൈഭവ് 51 പന്തില്‍ 198ല്‍ നില്‍ക്കുന്നു. ഗ്യാലറിയിലെത്തിയവരുടെ എണ്ണം കുറവായിരുന്നെങ്കിലും അതൊരിക്കലും തോന്നിക്കാത്ത വിധമായിരുന്നു ആര്‍പ്പുവിളികള്‍. ആ പേര് ഉച്ഛരിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഇന്ത്യൻ ഡഗൗട്ടൊന്നടങ്കം ബൗണ്ടറിലൈനരികില്‍ അക്ഷമരായി നോക്കിനില്‍ക്കുകയാണ്.

ബാസില്‍ ഹമീദിന്റെ ഫുള്‍ടോസ് ആ ബാറ്റില്‍ കൊണ്ട നിമിഷം ചരിത്രം പിറക്കുകയായിരുന്നു. 52-ാം പന്തില്‍ ഇരട്ടശതകം. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയത്. രണ്ടാമനില്‍ നിന്ന് 51 പന്തിന്റെ വ്യത്യാസമുണ്ടെന്ന് ഓര്‍ക്കണം...ഇക്കുറി സെഞ്ചുറിപോലെയായിരുന്നില്ല ആഘോഷം, ഒരു പഞ്ചുംകൂടി ചേര്‍ത്തുവെച്ചു...കണ്ടതിനെ അത്ഭുതമെന്നല്ലാതെ വിശേഷിപ്പിക്കാൻ ആര്‍ക്കുമുണ്ടായിരുന്നില്ല...

53 പന്തില്‍ 204 റണ്‍സ്, 28 സിക്സറുകള്‍, ഏഴ് ഫോര്‍. 196 റണ്‍സും ബൗണ്ടറിയില്‍ നിന്ന്. നേരിട്ട 53 പന്തില്‍ 35 എണ്ണവും റോപ്പ് കടന്നു, സ്ട്രൈക്ക് റേറ്റ് 384. ലിസ്റ്റ് എയില്‍ ഇത്ര ഉയര്‍ന്ന സ്ട്രൈക്ക് റേറ്റില്‍ മറ്റൊരു സെഞ്ചുറിയുണ്ടായിട്ടില്ല. എബിഡിയുടെ വിൻഡീസിനെതിരായ ഇന്നിങ്സിലെ സ്ട്രൈക്ക് റേറ്റ് പോലും 350 താണ്ടിയിരുന്നില്ല...

ഷോര്‍ട്ട് ബോളുകള്‍ക്ക് പുള്‍ ഷോട്ട് മറുപടി, ലെങ്ത് ബോളുകളൊക്കെയും ബൗണ്ടറിയിലേക്ക്, വേരിയേഷനുകളെല്ലാം കൃത്യമായി റീഡ് ചെയ്ത ഇന്നിങ്സില്‍ പിഴച്ചത് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രം. യുഎഇ ബൗളര്‍മാര്‍ കേവലം ബൗളിങ് മെഷീനുകള്‍ക്ക് സമാനമായി മാറിയതുപോലെയായിരുന്നു, എല്ലാവര്‍ക്കുമെതിരെ വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് 350ന് മുകളില്‍...

യുഎഇക്കെതിരെ അല്ലെ എന്ന് പറഞ്ഞ് വൈഭവിന്റെ ഇന്നിങ്സിനെ നിസാരവല്‍ക്കരിക്കുന്നവരോട്, ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്കിസ്ഥാൻ യുഎഇക്കെതിരെ 245ന് ഓള്‍ ഔട്ടായിരുന്നു, നേപ്പാള്‍ 122 റണ്‍സ് ചേസ് ചെയ്ത് ജയിക്കുന്നത് 22 ഓവറിലാണ്. ഇവിടെയാണ് വൈഭവ് 53 പന്തില്‍ 204 റണ്‍സും നേടിയ ഇന്ത്യ 14.2 ഓവറില്‍ മത്സരം നേടുന്നതും. എതിരാളികള്‍ വലുതോ ചെറുതോ ആകട്ടെ, 52 പന്തില്‍ ഇരട്ടശതം is something beyond extraordinary.

വിവ് റിച്ചാർ‌ഡ്‌സിനും സച്ചിനും മാത്രമായി നിറഞ്ഞ ഗ്യാലറികളുണ്ട് ലോകക്രിക്കറ്റില്‍, അവർക്കായി കലഹത്തിനിറങ്ങിയ ആയിരങ്ങളുണ്ട്. ചരിത്രം ആവർത്തിക്കാനൊരുങ്ങുകയാണ്...വൈഭവിലൂടെ...You have to believe, you have seen the birth of a phenomenon.