
കൊൽക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാൾ നായകൻ അഭിമന്യു ഈശ്വരൻ പുറത്തായ രീതി കായികലോകത്ത് വലിയ ചർച്ചയാകുന്നു. സർവീസസിനെതിരായ മത്സരത്തിന്‍റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് നിർഭാഗ്യകരമായ രീതിയിൽ അഭിമന്യൂ ഈശ്വരന്‍ റണ്ണൗട്ടായത്. സർവീസസിനെതിരായ ആറാം റൗണ്ട് മത്സരത്തിന്‍റെ ആദ്യ ദിനം ബാറ്റിംഗിനിടെ പന്ത് 'ഡെഡ്' ആയെന്ന് കരുതി വെള്ളം കുടിക്കാനായി ക്രീസ് വിട്ടിറങ്ങിയതായിരുന്നു ബംഗാള്‍ ക്യാപ്റ്റൻ.
81 റൺസുമായി തന്‍റെ 28-ാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഈശ്വരൻ. സര്‍വീസസ് താരം ആദിത്യ കുമാർ എറിഞ്ഞ 41-ാം ഓവറിലെ അവസാന പന്തിൽ ബംഗാൾ താരം സുദീപ് ചാറ്റർജി പന്ത് നേരെ ബൗളർക്കു നേരെ അടിച്ചതോടെ റണ്ണിന് സാധ്യതയില്ലാത്തതിനാല്‍ ഓവര്‍ പൂര്‍ത്തിയായെന്ന് കരുതി അഭിമന്യു ഈശ്വരൻ ക്രീസില്‍ നിന്നിറങ്ങി ഡ്രിങ്ക്സിനായി നടന്നു. എന്നാല്‍ ബൗളറുടെ കൈയില്‍ തട്ടിയ പന്ത് പിന്നീട് സ്റ്റംപിലും തട്ടി ബെയ്ല്‍സ് വീണതോടെ സര്‍വീസസ് താരങ്ങള്‍ റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. ഓൺ-ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഈശ്വരൻ പുറത്തായതായി വിധിച്ചു.
ആദ്യ ദിവസത്തെ കളിക്ക് ശേഷം അഭിമന്യു ഈശ്വരൻ തന്‍റെ ഭാഗത്തുണ്ടായ പിഴവ് സമ്മതിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച് സര്‍വീസസ് ടീം തന്നെ ക്രീസിലേക്ക് തിരിച്ചുവിളിക്കണമായിരുന്നു എന്ന വാദത്തെ അഭിമന്യൂ ഈശ്വരൻ തള്ളിക്കളഞ്ഞു. ഇന്നിംഗ്സ് മികച്ച രീതിയിലാണ് പോയിരുന്നത്, എന്നാൽ എന്‍റെ ഭാഗത്തുനിന്നുണ്ടായ ആ തെറ്റ് എന്നെപ്പോലും അത്ഭുതപ്പെടുത്തി. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് എതിർ ടീമിന് എന്നെ തിരിച്ചുവിളിക്കാമായിരുന്നു എന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ അതിന്‍റെ ആവശ്യമില്ലായിരുന്നു. പന്ത് ബൗളർ കയ്യിലൊതുക്കി എന്ന് കരുതി ഞാൻ അറിയാതെ മുന്നോട്ട് നടന്നുപോയതാണ്. അത് പൂർണ്ണമായും തന്‍റെ തെറ്റാണെന്നും ഈശ്വരൻ പറഞ്ഞു.
2011-ൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇയാൻ ബെൽ പുറത്തായ സംഭവവുമായി ഇതിനെ താരതമ്യം ചെയ്യാമെന്ന് ബംഗാൾ കോച്ച് ലക്ഷ്മി രത്തൻ ശുക്ല പറഞ്ഞു. അന്ന് ചായസമയത്തിന് തൊട്ടുമുമ്പ് പന്ത് ഡെഡ് ആയെന്ന് കരുതി ക്രീസ് വിട്ട ബെല്ലിനെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ നായകൻ എം.എസ്. ധോണി ഇടപെട്ട് തിരിച്ചുവിളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!