
കൊല്ക്കത്ത: സീനിയര് പേസര് മുഹമ്മദ് ഷമി രഞ്ജി ട്രോഫി രണ്ടാം ഘട്ട മത്സരത്തില് നിന്ന് വിട്ടുനില്ക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള് തള്ളി ബംഗാള് പരിശീലകന് ലക്ഷ്മി രത്തന് ശുക്ല. ഷമി പൂര്ണ്ണ ഫിറ്റാണെന്നും, മുന് മത്സരത്തില് കൂടുതല് ഓവറുകള് പന്തെറിഞ്ഞതിനാല് താരം തന്നെ വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്നും ശുക്ല വ്യക്തമാക്കി. സര്വീസസിനെതിരായ മത്സരത്തില് ഷമി ബംഗാളിന്റെ പേസ് നിരയെ നയിക്കുമെന്നാണ് കരുതിയിരുന്നത്, പ്രത്യേകിച്ച് ആകാശ് ദീപ്, മുകേഷ് കുമാര് എന്നിവര് ഇന്ത്യ എ ടീം പര്യടനത്തിലായതിനാല്.
എന്നാല് ന്യൂഡല്ഹിയിലെ പാലം ഗ്രൗണ്ടില് നടന്ന മത്സരത്തിന്റെ പ്ലേയിങ് ഇലവനില് 36കാരനായ ഷമിയെ ഉള്പ്പെടുത്തിയിരുന്നില്ല. ന്യൂസിലന്ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിലേക്ക് ഷമിയെ പരിഗണിക്കാതിരുന്നതിന് തൊട്ടുപിന്നാലെയാണ് രഞ്ജി മത്സരത്തിലും താരം കളിക്കാതിരുന്നത്. ഇതോടെ താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചും സെലക്ഷന് ലഭിക്കാത്തതിലുള്ള നിരാശയാണോ മത്സരത്തില് നിന്ന് വിട്ടുനില്ക്കാന് കാരണമെന്നും ക്രിക്കറ്റ് ലോകത്ത് ചോദ്യങ്ങള് ഉയര്ന്നിരുന്നു.
എന്നാല് ഈ അഭ്യൂഹങ്ങളെല്ലാം തള്ളിയ ശുക്ല, ഇത് ഷമിയുടെ വര്ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗം മാത്രമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ''ഷമി പൂര്ണ ഫിറ്റാണ്, അദ്ദേഹത്തിന് വിശ്രമം നല്കിയതാണ്. കഴിഞ്ഞ മത്സരത്തില് ഡല്ഹിക്കെതിരെ അദ്ദേഹം കൂടുതല് ഓവറുകള് പന്തെറിഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് വിശ്രമം ആവശ്യപ്പെട്ടത്. ഷമി ഒരു ചീറ്റപ്പുലി ആണ്. ഷമിക്ക് വിശ്രമം നല്കുന്നത് പുതിയ താരങ്ങള്ക്ക് അവസരം നല്കാന് ഞങ്ങളെ സഹായിക്കും.'' ആദ്യ ദിവസത്തെ കളിക്ക് ശേഷം ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച കല്യാണിയില് ഡല്ഹിക്കെതിരെ നടന്ന മത്സരത്തില് 17.3 ഓവറില് 9 മെയ്ഡനടക്കം 30 റണ്സ് വഴങ്ങി 4 വിക്കറ്റുകള് വീഴ്ത്തി ഷമി മികച്ച പ്രകടനം നടത്തിയിരുന്നു. തന്റെ ഫിറ്റ്നസിനെക്കുറിച്ച് ഉയര്ന്ന ചോദ്യങ്ങള്ക്ക് മത്സരശേഷം ഷമി തന്നെ മറുപടി നല്കിയിരുന്നു. ''എന്റെ ഫിറ്റ്നസ് നിങ്ങള് കണ്ടോളൂ, ഞാന് ഗ്രൗണ്ടിലുണ്ട്. എനിക്ക് സാധിക്കുന്നിടത്തെല്ലാം ഞാന് കളിക്കുന്നുണ്ട്. തുടര്ച്ചയായി ബോള് ചെയ്യുക മാത്രമാണ് എന്റെ ജോലി.'' എന്നായിരുന്നു ഷമിയുടെ പ്രതികരണം.
കഴിഞ്ഞ രഞ്ജി സീസണില് ബംഗാളിനായി 7 മത്സരങ്ങളില് നിന്ന് 16.72 ശരാശരിയില് 37 വിക്കറ്റുകള് വീഴ്ത്തി ഷമി മികച്ച പ്രകടനം നടത്തിയിരുന്നു. സര്വീസസിനെതിരായ മത്സരത്തിനിടെ ബംഗാള് ഫിസിയോയുമായി ദീര്ഘനേരം സംസാരിക്കാനും പരിശീലനത്തില് ഏര്പ്പെടാനും ഷമി സമയം കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!