
ഇസ്ലമാബാദ്: ഓണ്ലൈന് വാതുവെപ്പ്, ചൂതാട്ടം, ഡ്രെസ്സിങ് റൂം വിവരങ്ങള് ചോര്ത്തല് തുടങ്ങിയ ആരോപണങ്ങളില് അന്വേഷണം നേരിടുന്ന പാകിസ്ഥാന് വിക്കറ്റ് കീപ്പര് ബാറ്റര് മുഹമ്മദ് റിസ്വാന് താല്ക്കാലിക ആശ്വാസം. റിസ്വാനെ ആഭ്യന്തര ക്രിക്കറ്റില് വീണ്ടും കളിക്കാന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് അനുമതി നല്കി. സൂയി നോര്ത്തേണ് ഗ്യാസ് പൈപ്പ്ലൈന്സ് ലിമിറ്റഡിന്റെ ഡയറക്ടറും ഹെഡ് കോച്ചും മുന് പാകിസ്ഥാന് ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒക്ടോബര് 19 മുതല് ആരംഭിക്കുന്ന പ്രസിഡന്റ്സ് കപ്പ് ഫസ്റ്റ് ക്ലാസ് ടൂര്ണമെന്റില് റിസ്വാന് എസ്എന്ജിപിഎല് ടീമിനെ നയിക്കുമെന്ന് ഹഫീസ് അറിയിച്ചു. പിസിബി ആഭ്യന്തര വകുപ്പില് നിന്ന് ഇതുസംബന്ധിച്ച് ഇമെയില് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റില് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടില് നിന്ന് തിരിച്ചുവിളിച്ച റിസ്വാനെയും മറ്റൊരു താരമായ ഇമാം ഉള് ഹഖിനെയും ആഭ്യന്തര ക്രിക്കറ്റില് കളിക്കുന്നതില് നിന്ന് വിലക്കിയിരുന്നു. ഡ്രെസ്സിങ് റൂം വിവര ചോര്ച്ച, ഓണ്ലൈന് വാതുവെപ്പ് ആരോപണങ്ങള് എന്നിവയുമായി ബന്ധപ്പെട്ട് നാഷണല് സൈബര് ക്രൈം സെല്ലിന്റെ അന്വേഷണത്തെത്തുടര്ന്നായിരുന്നു ഈ നടപടി.
ഇതുവരെ രണ്ട് തവണ എന്സിസിഎ മുമ്പാകെ റിസ്വാന് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. എങ്കിലും ഈ അന്വേഷണത്തിന്റെ കൃത്യമായ വിവരങ്ങള് ഇതുവരെ പുറത്തുവന്നിട്ടില്ല. ലോര്ഡ്സില് നടന്ന രണ്ടാം ടെസ്റ്റിനിടെ പാകിസ്ഥാന് ടീമിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര് റിസ്വാന്, ഇമാം എന്നിവരുടെ ഫോണുകള് പിടിച്ചെടുക്കുകയും ഫൊറന്സിക് പരിശോധനയ്ക്കായി എന്സിസിഎയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
ഈ മാസം 10ന് ലാഹോറിലെ എന്സിസിഎ ഓഫീസില് റിസ്വാന് അവസാനമായി ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷം കാര്യങ്ങള് അനുകൂലമായി മാറിയെന്നാണ് വിശ്വസനീയമായ വൃത്തങ്ങള് നല്കുന്ന സൂചന. അന്വേഷണം ഉടന് തന്നെ അവസാനിച്ചേക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്. 47 ടെസ്റ്റുകളും 103 ഏകദിനങ്ങളും 106 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുള്ള റിസ്വാന്, ലോര്ഡ്സ് ടെസ്റ്റിന് ശേഷം ഇതുവരെ മത്സര ക്രിക്കറ്റില് കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!