രഞ്ജി ട്രോഫി ഫൈനല്‍: സൗരാഷ്ട്രയ്‌ക്കെതിരെ ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് ലീഡിനരികെ

By Web TeamFirst Published Mar 12, 2020, 6:46 PM IST
Highlights

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ബംഗാള്‍ തിരിച്ചടിക്കുന്നു. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ലീഡിനരികെയാണ് ബംഗാള്‍. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 425നെതിരെ ബംഗാള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തിട്ടുണ്ട്.

രാജ്‌കോട്ട്: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്‌ക്കെതിരെ ബംഗാള്‍ തിരിച്ചടിക്കുന്നു. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ലീഡിനരികെയാണ് ബംഗാള്‍. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 425നെതിരെ ബംഗാള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തിട്ടുണ്ട്. 71 റണ്‍സ് കൂടിനേടിയാല്‍ ബംഗാളിന് സൗരാഷ്ട്രയുടെ സ്‌കോറിനൊപ്പമെത്താം. മത്സരത്തിന് ഫലമുണ്ടായില്ലെങ്കില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടുന്നവര്‍ കിരീടം സ്വന്തമാക്കും. അതുകൊണ്ട് തന്നെ ഇരുടീമുകളെ സംബന്ധിച്ചിടത്തോളവും ആദ്യ ഇന്നിങ്‌സ് ലീഡ് നിര്‍ണായകമാണ്.

അനുസ്തൂപ് മജൂംദാര്‍ (58), അര്‍ണബ് നന്ദി (28) എന്നിവരാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍. സുദീപ് ചാറ്റര്‍ജി (81), ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ (64) എന്നിവരുടെ ഇന്നിങ്‌സാണ് ബംഗാളിന് കരുത്തായത്. മൂന്നിന് 134 എന്ന നിലയില്‍ നാലാംദിനം ആരംഭിച്ച ബംഗാളിന് ഇന്ന് സുദീപ്, സാഹ, ഷഹബാസ് അഹമ്മദ് (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്നലെ സുദീപ് കുമാര്‍ ഗരമി(26), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(9), മനോജ് തിവാരി(35) എന്നിവരും പവലിയനില്‍ മടങ്ങിയെത്തിയിരുന്നു.

സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മേന്ദ്രസിംഗ് ജഡേജ, പ്രേരക് മങ്കാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ അര്‍പിത് വാസവദയുടെ (106) സെഞ്ചുറിയാണ് സൗരാഷ്ട്രയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ചേതേശ്വര്‍ പൂജാര (66), വിശ്വരാജ് ജഡേജ (54), അവി ബരോത് (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആകാശ് ദീപ് ബംഗാളിനായി നാല് വിക്കറ്റ് വീഴ്ത്തി. ഷഹബാസ് അഹമ്മദ് മൂന്നും മുകേഷ് കുമാര്‍ രണ്ടും ഇഷാന്‍ പോറല്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. 

click me!