ലോകകപ്പ് നേട്ടത്തിനുശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം അംഗങ്ങൾ ഫോട്ടോ ഷൂട്ടിനായി തയ്യാറെടുക്കുന്നതിനിടെ, മൈതാനത്തുണ്ടായിരുന്ന മഹീകയോട് മാറിനിൽക്കാൻ ഐസിസി സിഇഒ സൻജോഗ് ഗുപ്ത ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്‍റെ വിജയാഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. എന്നാൽ ഇതിനിടയിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹീക ശർമ്മയും ഉൾപ്പെട്ട ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
ലോകകപ്പ് നേട്ടത്തിനുശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടീം അംഗങ്ങൾ ഫോട്ടോ ഷൂട്ടിനായി തയ്യാറെടുക്കുന്നതിനിടെ, മൈതാനത്തുണ്ടായിരുന്ന മഹീകയോട് മാറിനിൽക്കാൻ ഐസിസി സിഇഒ സൻജോഗ് ഗുപ്ത ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ സൻജോഗ് ഗുപ്ത ആവശ്യപ്പെട്ടിട്ടും ഗ്രൗണ്ടില്‍ നിന്ന് പോകാതെ ഹാര്‍ദ്ദിക്കിന് അടുത്തുതന്നെ മഹീക നിന്നുവെന്നതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പ് വിജയത്തിന് ശേഷം ഹാർദ്ദിക്കും മഹീകയും മൈതാനത്ത് ഒരുമിച്ചായിരുന്നു. ലോകകപ്പുമായി നടന്നും ഇരുന്നും കിടന്നുമെല്ലാം ഇരുവരും ഫോട്ടോക്ക് പോസ് ചെയ്ത് ആരാധകര്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു.
ഇതിന് പുറമെ ടീമിന്‍റെ വിജയാഘോഷവേളയിൽ ഹാർദിക് പാണ്ഡ്യയുടെ ചില നടപടികൾക്കെതിരെയും ആരാധകർ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മറ്റ് ടീം അംഗങ്ങൾക്ക് ലോകകപ്പ് ട്രോഫി കൈമാറാതെ സ്വന്തം കാമുകിക്കൊപ്പം ട്രോഫിയുമായി പല പോസുകളില്‍ ഫോട്ടോ എടുക്കാനായി ശ്രമിച്ചുവെന്നും അമിത ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ചുവെന്നുമാണ് മറ്റൊരു വിമർശനം.
ആഘോഷത്തിനിടെ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഹാർദിക്കിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ദേശീയ പതാക പുതച്ച് കാമുകിക്കൊപ്പം വേദിയിൽ കിടന്നുവെന്നതാണ് പരാതിക്ക് കാരണമായത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മഹീകയും സൻജോഗ് ഗുപ്തയും തമ്മിലുള്ള സംഭാഷണം വീഡിയോയിൽ വ്യക്തമല്ലാത്തതിനാൽ, ഗ്രൗണ്ടില്‍ നിന്ന് കയറാനാണോ മഹീകയോട് ആവശ്യപ്പെട്ടത് എന്ന കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല.
