ബംഗ്ലാകടുവകളെ ചുട്ടെരിച്ച് ചഹാര്‍; അത്ഭുതപ്രകടനം, റെക്കോര്‍ഡ് മഴ

By Web TeamFirst Published Nov 10, 2019, 11:12 PM IST
Highlights

3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ചഹാര്‍ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസിന്‍റെ പ്രകടനമാണ് ചഹാറിന് മുന്നില്‍ വഴി മാറിയത്. സിംബാബ്‌വെയ്ക്കെതിരെ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതായിരുന്നു മെന്‍ഡിസിന്‍റെ പ്രകടനം

നാഗ്പൂരില്‍: ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചപ്പോള്‍ അത്ഭുതപ്രകടനം നടത്തി ദീപക് ചഹാര്‍. ട്വന്‍റി 20യില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച‍വെച്ചാണ് ദീപക് ചഹാര്‍ ഇന്ത്യയെ വിജയതീരത്തേക്ക് അനായാസം അടുപ്പിച്ചത്.

3.2 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ചഹാര്‍ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസിന്‍റെ പ്രകടനമാണ് ചഹാറിന് മുന്നില്‍ വഴിമാറിയത്. സിംബാബ്‌വെയ്ക്കെതിരെ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതായിരുന്നു മെന്‍ഡിസിന്‍റെ പ്രകടനം. ട്വന്‍റി 20 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനാകാനും ചഹാറിന് സാധിച്ചു.

ഷാഫുള്‍ ഇസ്ലാം, അമീനുള്‍ ഇസ്ലാം, മുസ്താഫിസൂര്‍ റഹ്മാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ചഹാറിനെ ഹാട്രിക് നേട്ടത്തിലെത്തിച്ചത്. 18-ാം ഓവറിന്‍റെ അവസാന പന്തില്‍ ഷാഫുളിനെ വിഴ്ത്തിയ ചഹാര്‍ അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ മുസ്താഫിസൂറിനെ ശ്രേയ്യസ് അയ്യരിന്‍റെ കൈകളില്‍ എത്തിച്ചു.

തൊട്ടടുത്ത പന്തില്‍ അമീനുള്ളിന്‍റെ വിക്കറ്റ് തെറിപ്പിച്ച് ഹാട്രിക് സ്വന്തമാക്കി. ചഹാര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിയസും. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും തുണയായപ്പോള്‍ ഇന്ത്യ 30 റണ്‍സിന്‍റെ മിന്നും വിജയമാണ് മൂന്നാം ട്വന്‍റി 20യില്‍ സ്വന്തമാക്കിയത്.

click me!