
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യ പിടിമുറുക്കുകയാണ്. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 177ന് മറുപടിയായി ടീം ഇന്ത്യ ആദ്യ ദിനം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. 69 പന്തില്‍ 56 റണ്‍സുമായി കുതിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഹിറ്റ്‌മാന്‍ ഇതിനകം 9 ഫോറും ഒരു സിക്‌സറും പറത്തിക്കഴിഞ്ഞു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഹിറ്റ്‌മാന്‍റെ ബാറ്റിന്‍റെ ചൂട് ശരിക്കുമറിഞ്ഞത്. ഇതോടെ കമ്മിന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍.
'ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് മോശമായാണ് ഇന്ന് പന്തെറിഞ്ഞത്. ലൈനിന്‍റെയും ലെങ്‌തിന്‍റേയും കാര്യത്തില്‍ അദേഹത്തിന് യാതൊരു പിടുത്തവുമില്ലായിരുന്നു. രോഹിത് ശര്‍മ്മ ഒരറ്റത്ത് ബാറ്റ് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് പാറ്റിന് അറിയില്ലേ. ഒരു നേട്ടവും ആദ്യ ദിനമുണ്ടാക്കാന്‍ കമ്മിന്‍സിനായില്ല' എന്നും ഹെയ്‌ഡന്‍ വിമര്‍ശിച്ചു.
ഇതുവരെ നാല് ഓവറില്‍ 27 റണ്‍സ് പാറ്റ് കമ്മിന്‍സ് വഴങ്ങിക്കഴിഞ്ഞു. ഇക്കോണമി 6.80. ഓസീസ് ബൗളര്‍മാരില്‍ മറ്റാരും നാല് ഇക്കോണിയില്‍ പോലും പന്തെറിഞ്ഞിട്ടില്ല എന്നിരിക്കേയാണ് നമ്പര്‍ വണ്‍ ടെസ്റ്റ് ബൗളറായ കമ്മിന്‍സ് അടിവാങ്ങി വലഞ്ഞത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ പന്തുകളില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ വഴങ്ങിയാണ് പാറ്റ് കമ്മിന്‍സ് തുടങ്ങിയത്. കമ്മിന്‍സിന്‍റെ ആദ്യ നാല് പന്തുകളില്‍ മൂന്നിലും ബൗണ്ടറി നേടിയ രോഹിത് ശര്‍മ്മ ഒന്നാം ഓവറില്‍ 13 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. തന്‍റെ രണ്ടാം ഓവര്‍ മെയ്‌ഡനാക്കിയെങ്കിലും മൂന്നാമത്തെ ഓവറില്‍ രോഹിത്തിന്‍റെ രണ്ട് ബൗണ്ടറികളോടെ 10 ഉം നാലാം ഓവറില്‍ കെ എല്‍ രാഹുലിന്‍റെ ഫോറോടെ നാലും റണ്‍സ് കമ്മിന്‍സ് വഴങ്ങി.
നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനമായ ഇന്ന് പാറ്റ് കമ്മിന്‍സിനെ കണക്കിന് ശിക്ഷിച്ച രോഹിത് ശര്‍മ്മ 66 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്നാം സെഷന്‍റെ അവസാനം കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായത് മാത്രമാണ് ഇന്ത്യക്കേറ്റ തിരിച്ചടി. 71 പന്തില്‍ 20 റണ്‍സേ രാഹുല്‍ നേടിയുള്ളൂ. ഓസീസ് അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിക്കാണ് വിക്കറ്റ്. ആദ്യ ദിനം സ്റ്റംപെടുത്തപ്പോള്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം രവിചന്ദ്രന്‍ അശ്വിനാണ് ക്രീസില്‍. അശ്വിന്‍ അഞ്ച് പന്തില്‍ അക്കൗണ്ട് തുറന്നിട്ടില്ല.
വിക്കറ്റ് വലിച്ചെറിഞ്ഞ് കെ എല്‍ രാഹുല്‍; അസംതൃപ്‌തി പരസ്യമാക്കി രോഹിത് ശര്‍മ്മ- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!