ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 177 റണ്‍സ് പിന്തുടരവേ അരങ്ങേറ്റക്കാരന്‍ സ്‌പിന്നര്‍ ടോഡ് മര്‍ഫിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി കെ എല്‍ രാഹുല്‍ മടങ്ങുകയായിരുന്നു

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച തുടക്കത്തിന് ശേഷം ആദ്യ ദിനം ഇന്ത്യക്ക് കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് നഷ്‌ടമായിരുന്നു. 71 പന്തില്‍ 20 റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഒരു ബൗണ്ടറി മാത്രമാണ് രാഹുല്‍ നേടിയത്. കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ്മ സഖ്യം ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്തു. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിച്ച രോഹിത്തിന് രാഹുല്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തിയത് ഒട്ടും ഇഷ്‌ടപ്പെട്ടില്ല. 

ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 177 റണ്‍സ് പിന്തുടരവേ അരങ്ങേറ്റക്കാരന്‍ സ്‌പിന്നര്‍ ടോഡ് മര്‍ഫിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി കെ എല്‍ രാഹുല്‍ മടങ്ങുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 23-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു രാഹുലിന്‍റെ മടക്കം. രാഹുല്‍ പുറത്തായപ്പോള്‍ തല മുകളിലേക്ക് ഉയര്‍ത്തി കടുത്ത നിരാശ പ്രകടിപ്പിക്കുന്ന രോഹിത് ശര്‍മ്മയെ ക്യാമറയില്‍ കണ്ടു. ഈ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. ഒന്നാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ 24 ഓവറില്‍ 77-1 എന്ന സ്കോറിലാണ് ഇന്ത്യ. 69 പന്തില്‍ 56 റണ്‍സുമായി രോഹിത്തും അക്കൗണ്ട് തുറക്കാതെ രവിചന്ദ്രന്‍ അശ്വിനുമാണ് ക്രീസില്‍. കൂടുതല്‍ വിക്കറ്റുകള്‍ ആദ്യ ദിനം നഷ്‌ടമാകാതിരിക്കാന്‍ അശ്വിനെ നൈറ്റ് വാച്ച്‌മാനായി ഇറക്കുകയായിരുന്നു ടീം ഇന്ത്യ. 

Scroll to load tweet…

നേരത്തെ അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജയും മൂന്ന് പേരെ പുറത്താക്കി രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റുമായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും സന്ദര്‍ശകരെ 63.5 ഓവറില്‍ 177 റണ്‍സില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. നാല് ഓസീസ് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്‌മാന്‍ ഖവാജയും ഒരു റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ മൂന്നാമനായി ക്രീസിലെത്തി 123 പന്തില്‍ 49 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌നാണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. സ്റ്റീവ് സ്‌മിത്ത് 107 പന്തില്‍ 37 ഉം പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ് 84 പന്തില്‍ 31 ഉം അലക്‌സ് ക്യാരി 33 പന്തില്‍ 36 ഉം റണ്‍സെടുത്തും മടങ്ങി. 

ജഡേജ എന്താണ് വിരലില്‍ ചെയ്യുന്നത്, മുമ്പൊരിക്കലും കണ്ടിട്ടില്ല; ചോദ്യവുമായി മൈക്കല്‍ വോണ്‍