
കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വിചിത്രമായ ആരോപണവുമായി ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെ. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഉപയോഗിക്കുന്ന ബാറ്റുകള്‍ ലോകത്തിന്റെ മറ്റൊരു ഭാഗത്തും ലഭ്യമല്ലാത്ത പ്രത്യേക തരം ബാറ്റുകളാണെന്നാണ് രാജപക്‌സെയുടെ വാദം. ഒരു അഭിമുഖത്തിനിടെയാണ് ലങ്കന്‍ ഇടങ്കയ്യന്‍ ബാറ്റ്സ്മാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍ താരങ്ങള്‍ വലിയ സിക്‌സറുകള്‍ അടിക്കുന്നതിന് പിന്നിലെ രഹസ്യം അവരുടെ ബാറ്റുകളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
രജപക്‌സെ പറയുന്നതിങ്ങനെ..''ഇന്ത്യന്‍ താരങ്ങളുടെ ബാറ്റുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ മികച്ചതാണ്. ആ ബാറ്റുകളില്‍ ഒരു പാളി റബ്ബര്‍ ഘടിപ്പിച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്. അത് എങ്ങനെ സാധ്യമാകുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ബാറ്റുകള്‍ മറ്റാര്‍ക്കും വാങ്ങാന്‍ പോലും കിട്ടില്ല, എല്ലാ കളിക്കാര്‍ക്കും ഇക്കാര്യം അറിയാം.'' രാജപക്‌സെ പറഞ്ഞു. ഇതാദ്യമായല്ല ലോകകപ്പ് വേദികളില്‍ ഇന്ത്യന്‍ ടീമിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വിംഗ് ലഭിക്കാന്‍ ഐസിസിയോ ബിസിസിഐയോ പ്രത്യേക പന്തുകള്‍ നല്‍കുന്നുണ്ടെന്ന് പാകിസ്താന്‍ മുന്‍ താരം ഹസന്‍ റാസ ആരോപിച്ചിരുന്നു.
ഇന്ത്യ ഡിആര്‍എസ് സംവിധാനത്തില്‍ കൃത്രിമം കാണിക്കുന്നുവെന്നും റാസ അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ വസീം അക്രം അടക്കമുള്ള പ്രമുഖര്‍ ഇതിനെ തള്ളിക്കളയുകയും ആകാശ് ചോപ്ര ഇതിനെ 'കോമഡി' എന്ന് വിളിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ബാറ്റുകളുടെ അടിഭാഗം അല്‍പം വളഞ്ഞ ആകൃതിയിലുള്ളതാണ്. ഇത് കൂടുതല്‍ പവര്‍ ലഭിക്കാന്‍ ബാറ്റ്സ്മാന്മാരെ സഹായിക്കുന്നു. എന്നാല്‍ ഇത്തരം ബാറ്റുകള്‍ ഏതൊരു താരത്തിനും അവരുടെ താല്‍പ്പര്യപ്രകാരം ഓര്‍ഡര്‍ ചെയ്ത് നിര്‍മ്മിച്ചെടുക്കാവുന്നതാണ്. അതുകൊണ്ട് തന്നെ രാജപക്‌സെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
രോഹിത് ശര്‍മ ശൈലി അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവതാരങ്ങളിലൂടെ ഇന്ത്യ തുടരുകയാണ്. 2024 ലോകകപ്പിന് ശേഷം അരങ്ങേറ്റം കുറിച്ച അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യയുടെ ടി20 ശൈലിയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!