ഭുവിയുടെ തിരിച്ചുവരവ് വൈകുമോ; താരം ശസ്‌ത്രക്രിയക്ക് വിധേയനായി

By Web TeamFirst Published Jan 17, 2020, 10:08 AM IST
Highlights

സ്‌പോര്‍ട്സ് ഹെര്‍ണിയ ശസ്‌ത്രക്രിയക്ക് ഭുവനേശ്വര്‍ വിധേയനായതായി ബിസിസിഐ

ലണ്ടന്‍: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ശസ്‌ത്രക്രിയ. സ്‌പോര്‍ട്സ് ഹെര്‍ണിയ ശസ്‌ത്രക്രിയക്ക് ഭുവനേശ്വര്‍ വിധേയനായതായി ബിസിസിഐ അറിയിച്ചു. ലണ്ടനിൽ ആയിരുന്നു ശസ്‌ത്രക്രിയ. കൂടുതൽ വിശദാംശങ്ങള്‍ ബിസിസിഐ പുറത്തുവിട്ടില്ല. ടീം ഫിസിയോ യോഗേഷ് പാര്‍മറും ഭുവനേശ്വറിനൊപ്പമുണ്ട്. ഭുവി എപ്പോള്‍ ടീമില്‍ മടങ്ങിയെത്തുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. 

ഇന്ത്യയിലേക്ക് ഭുവനേശ്വര്‍ ഉടന്‍ മടങ്ങുമെന്നും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ(എന്‍സിഎ) താരത്തെ നിരീക്ഷിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇരുപത്തിയൊമ്പതുകാരനായ ഭുവനേശ്വര്‍ 21 ടെസ്റ്റിലും 114 ഏകദിനത്തിലും 43 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. അതേസമയം പരിക്ക് ഭേദമായ ഓപ്പണര്‍ പൃഥ്വി ഷോ ന്യൂസിലന്‍ഡിൽ എ ടീമിനൊപ്പം ചേര്‍ന്നു.

ഭുവനേശ്വര്‍ കുമാറിനെ പരിക്ക് കുറച്ചുനാളുകളായി അലട്ടുകയാണ്. വിന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ താരം കരീബിയന്‍ സംഘത്തിനെതിരെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിക്കേറ്റ് പുറത്തായി. പരിക്കില്‍ നിന്ന് പൂര്‍ണമുക്തനായെന്ന് എന്‍സിഎ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ഭുവനേശ്വറിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ പിടിപെട്ടത്. 

ഭുവിയുടെ സ്‌പോര്‍ട്‌സ് ഹെര്‍ണിയ തിരിച്ചറിയുന്നതില്‍ എന്‍സിഎയ്‌ക്ക് പിഴവ് സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു. 'എന്‍സിഎ നന്നായി തന്നെ പരിചരിച്ചു. എന്നാല്‍ സ്‌പോര്‍ട്‌സ് ഹെര്‍ണിയ തുടക്കത്തിലെ കണ്ടെത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് വ്യക്തമല്ല. എന്‍സിഎയ്ക്ക്‌ പിഴവുപറ്റിയോ എന്ന് വ്യക്തമാക്കേണ്ടത് താനല്ല. ബിസിസിഐ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും എന്നാണ് വിശ്വാസം' എന്നും വിവാദത്തില്‍ ഭുവി നേരത്തെ പ്രതികരിച്ചിരുന്നു.

click me!