ഏഷ്യാ കപ്പിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി, ജേഴ്സി സ്പോൺസറില്ല, പുതിയ സ്പോണ്‍സറെ കണ്ടെത്താന്‍ ബിസിസിഐ

Published : Aug 24, 2025, 09:36 AM IST
sanju samson

Synopsis

ഇന്ത്യൻ ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍മാരാവാന്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി ടീമിന്‍റെ പ്രധാന ജേഴ്സി സ്പോണ്‍സര്‍മാരായ ഡ്രീം ഇലവന്‍റെ പിന്‍മാറ്റം. പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിയമനിര്‍മാണത്തെതുടര്‍ന്നാണ് ഡ്രീം ഇലവന്‍ ഇന്ത്യൻ ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്. ഇതോടെ ഏഷ്യാ കപ്പിന് മുമ്പ് ടീമന്‍റെ ജേഴ്സി സ്പോൺസറെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ബിസിസിഐ. ഏഷ്യാ കപ്പിന് മുമ്പ് ജേഴ്സി സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ താല്‍ക്കാലിക സ്പോണ്‍സറുടെ ജേഴ്സിയുമായി ടൂര്‍ണമെന്‍റിനിറങ്ങാനും അതിനുശേഷം വിശദമായ ചര്‍ച്ചകള്‍ക്കും ബിഡ്ഡിംഗിനും ശേഷം ജേഴ്സി സ്പോണ്‍സറെ കണ്ടെത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

കടുത്ത മത്സരം

ഇന്ത്യൻ ടീമിന്‍റെ പ്രധാന സ്പോണ്‍സര്‍മാരാവാന്‍ കടുത്ത മത്സരം തന്നെ നടക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇതിലൂടെ കോടികളുടെ വരുമാനമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈല്‍ രംഗത്തെ വമ്പന്‍മാരും ഐപിഎല്ലില്ലിന്‍റെ ടൈറ്റില്‍ സ്പോണ്‍സറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്പോണ്‍സര്‍ഷിപ്പ് കരാറിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത് എന്നതിനാല്‍ അതിന് മുമ്പ് പുതിയ സ്പോണ്‍സറെ കണ്ടെത്തുക ബിസിസിഐയെ സംബന്ധിച്ച് പ്രയാസമാകും.

ജേഴ്സി സ്പോൺസര്‍ വാഴാത്ത ടീം ഇന്ത്യ

2023ലാണ് ഡ്രീം ഇലവന്‍ ഇന്ത്യൻ ടീമിന്‍റെ പ്രധാന ജേഴ്സി സ്പോണ്‍സറായത്. മൂന്ന് വര്‍ഷഷത്തേക്കായിരുന്നു കരാര്‍. പുതിയ നിയമം പാസാക്കിയതോടെ ഇന്ത്യൻ ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍മാറുകയാണെന്ന് ഡ്രീം ഇലവന്‍ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായല്ല ഇന്ത്യൻ ടീമ്ന്‍റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് നിയമക്കുരുക്കില്‍ പെടുന്നത്. 2001 മുതല്‍ 2013വരെ ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍മാരായ സഹാറ ഗ്രൂപ്പിനെ സെബി സാമ്പത്തികകുറ്റങ്ങൾക്ക് വിലക്കിയതിനെത്തുടര്‍ന്ന് അവരെ സ്പോണ്‍സര്‍ സ്ഥാനത്തു നിന്ന് മാറ്റേണ്ടിവന്നു. 

പിന്നീട് സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു 2013 മുതല്‍ 2017വരെ ഇന്ത്യയുടെ പ്രധാന ജേഴ്സി സ്പോണ്‍സര്‍. എന്നാല്‍ കോംപിറ്റേഷന്‍ കമ്മീഷന്‍ അന്വേഷണത്തെത്തുടര്‍ന്ന് അവരെയും മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായി. പിന്നീട് ഒപ്പോ 2017 മുതല്‍ 2020വരെ സ്പോണ്‍സര്‍മാരായി. പിന്നീട് 2020ല്‍ വന്ന ബൈജൂസ് ആകട്ടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് കടക്കെണിയിലാകുകയും ബിസിിസഐയുമായി കേസ് നടത്തുകയുമാണിപ്പോള്‍. ഇതിന് പിന്നാലെയാണ് ഡ്രീം ഇലവനും സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, കൊല്‍ക്കത്തയില്‍ ഇന്ന് ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമി പോരാട്ടം
കോലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം ഇനി സഞ്ജു, ഇന്ത്യയിൽ ആരാധകര്‍ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന താരമെന്ന് ദിനേഷ് കാർത്തിക്