
മെല്‍ബണ്‍: ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടിയായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിന്‍റെ പരിക്ക്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കണങ്കാലിന് പരിക്കേറ്റ കമിന്‍സിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യൻസ് ട്രോഫിയില്‍ കമിൻസ് കളിക്കുന്ന കാര്യം സംശയമാണെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ആഡ്ര്യു മക്‌ഡൊണാള്‍ഡും സ്ഥീരീകരിച്ചു.
ഭാര്യയുടെ പ്രസവും പരിക്കും കാരണം കമിന്‍സ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് കമിന്‍സ് വിട്ടുനില്‍ക്കുകയാണെങ്കില്‍ സ്റ്റീവ് സ്മിത്തോ ട്രാവിസ് ഹെഡോ ടൂര്‍ണമെന്‍റില്‍ ഓസ്ട്രേലിയയെ നയിക്കുമെന്ന് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
നാളെ തുടങ്ങുന്ന ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയ ഈ മാസം 12നും 14നും രണ്ട് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും കളിക്കുന്നുണ്ട്. ഇതിനുശേഷമാകും ഓസ്ട്രേലിയന്‍ ടീം ചാമ്പ്യൻസ് ട്രോഫി കളിക്കാനായി പാകിസ്ഥാനിലേക്ക് പോകുക. കമിന്‍സിന്‍റെ അഭാവത്തില്‍ സ്മിത്തിനെയും ഹെഡിനെയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും സ്മിത്തിന് നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നും ആൻഡ്ര്യു മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി.
കമിന്‍സിന് പുറമെ ഇടുപ്പിന് പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാത്രമാകും ഓസീസ് പേസ് നിരയില്‍ പരിചയസമ്പന്നനായ ഒരേയൊരു പേസര്‍. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും പരിക്കുമൂലം നേരത്തെ ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയിരുന്നു. മിച്ചല്‍ മാര്‍ഷിന്‍റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ബ്യു വെബ്സ്റ്ററായിരിക്കും മാര്‍ഷിന് പകരം ഏകദിന ടീമിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഏകദിന ടീമിലുള്ള സീം ബൗളിംഗ് ഓൾ റൗണ്ടര്‍മാരായ ആരോണ്‍ ഹാര്‍ഡിയും മാര്‍ക്കസ് സ്റ്റോയ്നിസും നിലവിവ്‍ പരിക്കിന്‍റെ പിടിയിലാണെന്നതും ഓസ്ട്രേലിയക്ക് തിരിച്ചടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!