ഓട്ടോ ഡ്രൈവറുമായി കന്നഡയില്‍ തര്‍ക്കിച്ച ദ്രാവിഡ് ഡ്രൈവറുടെ ഫോണ്‍ നമ്പറും ഓട്ടോയുടെ നമ്പറും കുറിച്ചെടുത്തശേഷമാണ് പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ബെംഗലൂരു: ക്രിക്കറ്റ് താരവും മുൻ ഇന്ത്യൻ ടീം കോച്ചുമായ രാഹുൽ ദ്രാവിഡിന്‍റെ വണ്ടിയിൽ ഗുഡ്‍സ് ഓട്ടോ തട്ടി ചെറിയ അപകടം. ബെംഗളുരുവിലെ കണ്ണിംഗ്‍ഹാംറോഡിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. അപകടത്തിനുശേഷം ദ്രാവിഡും ഗുഡ്‍സ് ഓട്ടോ ഡ്രൈവറും തമ്മിൽ റോഡില്‍ വെച്ച് ചെറിയ വാക്കുതർക്കവുമുണ്ടായി. സമൂഹമാധ്യമമായ എക്സിൽ ചിലർ ദൃശ്യങ്ങൾ പങ്കുവച്ചതോടെ ട്രാഫിക് പൊലീസ് അധികൃതർ താരത്തിൽ നിന്ന് എന്താണ് സംഭവിച്ചതെന്നതിൽ വിവരങ്ങൾ തേടിയെന്നാണ് സൂചന.എന്നാല്‍ സംഭവത്തില്‍ ദ്രാവിഡ് പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ദ്രാവിഡ് തന്നെയാണോ കാര്‍ ഓടിച്ചിരുന്നതെന്ന കാര്യം വ്യക്തമല്ല. ബെംഗലൂരുവിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് കണ്ണിംഗ്‌ഹാം റോഡ്. ഇന്ത്യൻ എക്സ്പ്രസ് ജംഗ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ട്സിലേക്ക് പോകുകയായിരുന്നു ദ്രാവിഡ്. കാര്‍ ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കുമ്പോള്‍ പിന്നില്‍ വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് ദ്രാവിഡിന്‍റെ കാറിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ വണ്ടി സൈഡാക്കിയശേഷം കാറില്‍ നിന്ന് ചാടിയിറങ്ങിയ ദ്രാവിഡ് ഓട്ടോ ഡ്രൈവറുമായി കന്നഡയില്‍ തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഡ്രൈവറുടെ ഫോണ്‍ നമ്പറും ഓട്ടോയുടെ നമ്പറും കുറിച്ചെടുത്തശേഷമാണ് ദ്രാവിഡ് പോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊതുവെ ശാന്തനായ ദ്രാവിഡ് കലിപ്പനായി ദേഷ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ മുഖ്യപരിശീലകനാണ്.
