കപില്‍ ദേവിന് ഹൃദയാഘാതം; പ്രാര്‍ത്ഥനയോടെ ബോളിവുഡ് ലോകവും

By Web TeamFirst Published Oct 23, 2020, 7:46 PM IST
Highlights

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്നു കപിലിനെ പ്രവേശിപ്പിച്ചത്.

ദില്ലി: ഹൃദായാഘത്തെ തുടര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന് വേണ്ടി പ്രാര്‍ത്ഥിച്ച് ബോളിവുഡ് ക്രിക്കറ്റ് താരങ്ങള്‍. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ദില്ലിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നെഞ്ചുവേദനയെ തുടര്‍ന്നു കപിലിനെ പ്രവേശിപ്പിച്ചത്. വൈകാതെ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്യുകയായിരുന്നു. 

61 കാരനായ കപിലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ കപില്‍ ഐസിയുവിലാണുള്ളത്. ഡോക്ടര്‍ അതുല്‍ മാഥൂറിന്റെയും ടീമിന്റെയും വിദഗ്ധനിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതിയില്‍ ഭയപ്പെടാനൊന്നുമില്ല. കുറച്ചു ദിവസങ്ങള്‍ക്കകം കപിലിന് ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അദ്ദേഹത്തിന് എത്രയും പെട്ടന്ന് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനാവട്ടെയെന്ന് ഷാരുഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. റിതേഷ് ദേശ്മുഖ്, റിച്ച ചദ എന്നിവരും കപിലിന് ഉടനെ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരാനാവട്ടെയെന്ന് ആശംസിച്ചു.  

1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത് കപിലിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് കപില്‍ ദേവ്. 10 വര്‍ഷത്തിലേറെക്കാലം ഇന്ത്യന്‍ കുപ്പായം കപില്‍ അണിഞ്ഞിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും കപില്‍ നേടിയിട്ടുണ്ട്. 225 ഏകദിനങ്ങളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു. 3783 റണ്‍സും 253 വിക്കറ്റുകളും കപില്‍ സ്വന്തമാക്കി.

click me!