
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 0-2ന് പിന്നില്‍ നില്‍ക്കുന്ന ഓസ്ട്രേലിയക്ക് ആശ്വാസ വാര്‍ത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഗ്രീന്‍ കളിക്കും. മത്സരത്തിന് 100 ശതമാനം തയ്യാറാണെന്ന് ഗ്രീന്‍ തന്നെ വ്യക്തമാക്കി. ഓസീസ് ടെസ്റ്റ് ടീമിനെ സന്തുലിതമാക്കിയിരുന്ന ഗ്രീനിന്‍റെ അഭാവം ഓസ്‌ട്രേലിയയുടെ കഴിഞ്ഞ മത്സരങ്ങളില്‍ പ്രകടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടേയാണ് ഗ്രീനിന്‍റെ കൈവിരലിന് പരിക്കേറ്റത്. ഇതിന് ശേഷം ബൗളിംഗ് പുനരാരംഭിക്കാന്‍ വൈകിയതാണ് ഗ്രീനിന്‍റെ തിരിച്ചുവരവ് വൈകിപ്പിച്ചത്.
ഇന്‍ഡോറില്‍ കളിപ്പിക്കാനുള്ള പ്ലേയിംഗ് ഇലവനിനായി തലപുകയ്ക്കുകയാണ് ഓസീസ് ടീം. നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്‍ഡോര്‍ ടെസ്റ്റിന് എത്തില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇതിനൊപ്പം മറ്റ് മൂന്ന് താരങ്ങളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കാലിലെ ഉപ്പൂറ്റിക്കേറ്റ പരിക്ക് ഭേദമാകാതിരുന്ന പേസര്‍ ജോഷ് ഹേസല്‍വുഡാണ് ഇതിലൊരാള്‍. രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മറ്റൊരു താരം. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വാര്‍ണര്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്‍റ് അറിയിച്ചിരുന്നു. സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗറാണ് നാട്ടിലേക്ക് തിരിച്ച മറ്റൊരു താരം.
ഇന്‍ഡോര്‍ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താകും ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക. ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്‌ടമായ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്. ഇതിന് ശേഷം ഒന്‍പതാം തിയതി അഹമ്മദാബാദില്‍ നാലാമത്തെയും അവസാനത്തേയും ടെസ്റ്റ് നടക്കും.
ബ്രേവ് ബ്രേസ്‌വെല്‍; സൗത്തിക്ക് റെക്കോര്‍ഡ‍് സമ്മാനിച്ച് പറക്കും ക്യാച്ച്- വീഡിയോ