ഈ വിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 700 വിക്കറ്റ് നേടുന്ന ആദ്യ കിവീസ് ബൗളറെന്ന നേട്ടത്തിലെത്തി ടിം സൗത്തി
വെല്ലിംഗ്‌ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനെ പുറത്താക്കി ടിം സൗത്തി രാജ്യാന്തര ക്രിക്കറ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ഈ ചരിത്ര നേട്ടത്തിലേക്ക് സൗത്തിക്ക് വഴിയൊരുക്കിയത് സ്ലിപ്പില്‍ മൈക്കല്‍ ബ്രേസ്‌വെല്ലിന്‍റെ പറക്കും ക്യാച്ചാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ സൗത്തി എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്തില്‍ എഡ്‌ജായി ഡക്കെറ്റ് മൂന്നാം സ്ലിപ്പിലേക്ക് എത്തിയപ്പോള്‍ ഒറ്റകൈ കൊണ്ട് പറന്നുപിടിക്കുകയായിരുന്നു ബ്രേസ്‌വെല്‍. ഇടയ്ക്കൊന്ന് ചെറുതായി പന്ത് കൈയില്‍ നിന്ന് വഴുതിയെങ്കിലും ബ്രേസ്‌വെല്‍ നിലത്തിടാതെ കാത്തു.
ഈ വിക്കറ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 700 വിക്കറ്റ് നേടുന്ന ആദ്യ കിവീസ് ബൗളറെന്ന നേട്ടത്തിലെത്തി ടീം ക്യാപ്റ്റന്‍ കൂടിയായ ടിം സൗത്തി. 696 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഡാനിയേല്‍ വെട്ടോറി, 589 പേരെ പുറത്താക്കിയിട്ടുള്ള റിച്ചാര്‍ഡ് ഹാഡ്‌ലി എന്നിവരെല്ലാം സൗത്തിക്ക് പിന്നിലായി. സൗത്തിയുടെ സമകാലികനായ ട്രെന്‍ഡ് ബോള്‍ട്ടിന് 578 വിക്കറ്റുകള്‍ മാത്രമേയുള്ളൂ.
സൗത്തിയുടെ ചരിത്ര നേട്ടത്തിനിടയിലും ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ കിളി പാറിയ അവസ്ഥയിലാണ് ന്യൂസിലന്‍ഡ്. ആദ്യ ദിനം മഴമൂലം 65 ഓവറുകള്‍ മാത്രം എറിയാനായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് 315 റണ്‍സ് അടിച്ചുകൂട്ടി. 169 പന്തില്‍ 24 ഫോറും 5 സിക്‌സും സഹിതം 184 റണ്‍സുമായി ഹാരി ബ്രൂക്കും 182 പന്തില്‍ 7 ബൗണ്ടറികള്‍ സഹിതം 101 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. 294 റണ്‍സ് നാലാം വിക്കറ്റില്‍ ഇരുവരും നേടിക്കഴിഞ്ഞു. 21 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ ടീമിനെയാണ് ബ്രൂക്ക്-റൂട്ട് സഖ്യം ബാസ്‌ബോള്‍ ശൈലിയില്‍ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.
