
വെല്ലിങ്ടണ്‍: ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ മിന്നും ഫോം തുടരുന്ന ഹാരി ബ്രൂക്ക് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ നേടിയത് വെടിക്കെട്ട് സെഞ്ചുറി. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ 21-3ലേക്ക് കൂപ്പുകുത്തിയിട്ടും ആദ്യ ദിനം 315-3 എന്ന ശക്തമായ നിലയിലെത്തിച്ചത് 169 പന്തില്‍ 184 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഹാരി ബ്രൂക്കും 182 പന്തില്‍ 101 റണ്‍സെടുത്ത ജോ റൂട്ടും ചേര്‍ന്നാണ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 294 റണ്‍സാണ് അടിച്ചെടുത്തിട്ടുണ്ട്. അതും 58 ഓവറില്‍. ഏകദിനശൈലിയില്‍ ടെസ്റ്റിലും ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ഓവറില്‍ 4.85 ശരാശരിയിലാണ് ഇന്ന് റണ്‍സടിച്ചത്. മഴമൂലം മത്സരം നേരത്തെ നിര്‍ത്തിയതിനാല്‍ ആദ്യ ദിനം 65 ഓവര്‍ മാത്രമാണ് കളി നടന്നത്.
അപരാജിത സെഞ്ചുറിയോടെ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ പേരിലുണ്ടായിരുന്ന 30 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡും ഇന്ന് സ്വന്തം പേരിലാക്കി. കരിയറിലെ ആദ്യ ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഏറ്റവം കൂടുതല്‍ റണ്‍സ് നേടിയ കാംബ്ലിയുടെ റെക്കോര്‍ഡാണ് ബ്രൂക്ക് ഇന്ന് സ്വന്തം പേരിലാക്കിയത്. ആദ്യ ആറ് ടെസ്റ്റിലെ ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ 798 റണ്‍സടിച്ചിരുന്ന കാംബ്ലിയെ 807 റണ്‍സുമായാണ് ബ്രൂക്ക് മറികടന്നത്. കാംബ്ലി രണ്ട് ഡബിള്‍ സെഞ്ചുറി ഉള്‍പ്പെടെ നാലു സെഞ്ചുറികള്‍ നേടിയായിരുന്നു 798 റണ്‍സടിച്ചത്.
ഇതിനൊപ്പം ഇതിഹാസ താരങ്ങളുടെ റണ്‍വേട്ടയെയും ഹാരി ബ്രൂക്ക് ഇന്ന് പിന്നിലാക്കി. ആദ്യ ഒമ്പത് ഇന്നിംഗ്സുകളില്‍ 780 റണ്‍സടിച്ചിരുന്ന ഹെര്‍ബെര്‍ട്ട് സറ്റ്ക്ലിഫെ, സുനില്‍ ഗവാസ്കര്‍(778 റണ്‍സ്), എവര്‍ട്ടന്‍ വീക്സ്(777 റണ്‍സ്) എന്നിവരെയാണ് ബ്രൂക്ക് ഇന്ന് പിന്നിലാക്കിയത്. ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 100.88 ശരാശരിയില്‍ 807 റണ്‍സാണ് വെല്ലിങ്ടണ്‍ ടെസ്റ്റില്‍ 184 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബ്രൂക്കിന്‍റെ പേരിലുള്ളത്.
ഏകദിന ശൈലിയില്‍ ബാറ്റ് വീശി 51 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബ്രൂക്ക് 107 പന്തില്‍ സെഞ്ചുറിയിലെത്തി. 145 പന്തില്‍ ബ്രൂക്ക് 150 പിന്നിട്ട ബ്രൂക്ക് 24 ബൗണ്ടറിയും അഞ്ച് സിക്സും പറത്തി ബ്രൂക്ക് 169 പന്തിലാണ് 184 റണ്‍സടിച്ച് പുറത്താകാതെ നില്‍ക്കുന്നത്. ബ്രൂക്കിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറിയാണിത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ ബ്രൂക്ക് ആയിരുന്നു കളിയിലെ താരം. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് 1-0ന് പരമ്പരയില്‍ മുന്നിലാണ്.