
സിഡ്‌നി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ ഓസ്ട്രേലിയൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ജെഫ് ലോസൺ രംഗത്ത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും അസിസ്റ്റന്‍റ് കോച്ച് ഡാനിയേൽ വെട്ടോറിയെയുമാണ് ലോസൺ കൂടുതൽ വിമർശിക്കുന്നത്. ഇരുവരുടേയും കഴിവുകേടാണ് ഓസീസിന്‍റെ പരാജയത്തിന് കാരണം എന്ന് ലോസണ്‍ വിമര്‍ശിക്കുന്നു.
ആർ അശ്വിന്‍റെയും രവീന്ദ്ര ജഡേജയുടേയും സ്‌പിൻ കെണിയിൽ കറങ്ങിവീണ ഓസ്ട്രേലിയ ആദ്യ രണ്ട് ടെസ്റ്റിലും പൊരുതാൻ പോലും ആവാതെയാണ് തോൽവി ഏറ്റുവാങ്ങിയത്. ആകെയുള്ള 40 വിക്കറ്റിൽ മുപ്പത്തിരണ്ടും അശ്വിനും ജഡേജയും പങ്കിട്ടെടുക്കുകയായിരുന്നു. ഇതോടെ നാഗ്‌പൂരിലെയും ദില്ലിയിലേയും ടെസ്റ്റുകള്‍ വിജയിച്ച് ബോർഡർ-ഗാവസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് മുൻ താരമായ ജെഫ് ലോസന്‍റെ വിമർശനം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ പരിചയക്കുറവിനെയും അസിസ്റ്റന്‍റ് കോച്ച് ഡാനിയേൽ വെട്ടോറിയുടെ കഴിവുകേടിനെയുമാണ് ലോസൺ പ്രധാനമായും വിമർശിക്കുന്നത്.
'സ്‌പിന്നർമാർ ആധിപത്യം പുലർത്തുന്ന വിക്കറ്റുകളിൽ ടീമിനെ എങ്ങനെ നയിക്കണമെന്ന് പാറ്റ് കമ്മിൻസിന് അറിയില്ല. ആദ്യ രണ്ട് ടെസ്റ്റിലും ഇത് പ്രകടമായിരുന്നു. ഇന്ത്യൻ ബാറ്റർമാർക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് ഓസീസ് ബൗളർമാർക്ക് പദ്ധതികൾ ഒന്നുണ്ടായിരുന്നില്ല. അക്സർ പട്ടേലിന്‍റെയും ആര്‍ അശ്വിന്‍റേയും ബാറ്റിംഗ് കൂട്ടുകെട്ടാണ് രണ്ടാം ടെസ്റ്റിൽ ഓസീസിന്‍റെ വഴിയടച്ചത്. സ്‌പിന്നർ കൂടിയായ അസിസ്റ്റന്‍റ് കോച്ച് ഡാനിയേൽ വെട്ടോറി എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല' എന്നും ലോസൺ പറഞ്ഞു. നാഗ്‌പൂർ ടെസ്റ്റിൽ ഇന്നിംഗ്‌സിനും 132 റണ്‍സിനും തോൽവി നേരിട്ട ഓസ്ട്രേലിയ ദില്ലിയിൽ ആറ് വിക്കറ്റിനാണ് പരാജയം രുചിച്ചത്. രണ്ട് ടെസ്റ്റും മൂന്നാംദിനം അവസാനിച്ചു. മാർച്ച് ഒന്നിന് ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.
കാമറൂണ്‍ ഗ്രീന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു; ഇന്‍ഡോര്‍ ടെസ്റ്റിന് മുമ്പ് ഓസീസിന് ആശ്വാസം