
നാഗ്‌പൂര്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പരമ്പരകളിലൊന്നിന് നാളെ തുടക്കമാവുകയാണ്. വിഖ്യാതമായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന് നാളെ നാഗ്‌പൂരില്‍ തുടക്കമാകും. കഴിഞ്ഞ രണ്ട് പരമ്പരകളും വിജയിച്ച ടീം ഇന്ത്യക്ക് സ്വന്തം നാട്ടില്‍ മുന്‍തൂക്കമുണ്ട് എന്ന് വിലയിരുത്തപ്പെടുമ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രവചിച്ചിരിക്കുകയാണ് ക്രിക്കറ്ററും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സമീപകാലത്ത് മിന്നും ഫോമിലുള്ള ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും സ്‌പിന്നര്‍ കുല്‍ദീപ് യാദവും ഡികെയുടെ ഇലവനിലില്ല എന്നതാണ് ശ്രദ്ധേയം.
നാഗ്‌പൂരില്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യണം എന്നാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ വാദം. ശുഭ്‌മാന്‍ ഗില്‍ കാത്തിരിക്കണമെന്ന് ഡികെ പറയുന്നു. മികച്ച ഫോമിലുള്ള കുല്‍ദീപ് യാദവിന് പുറമെ ഇഷാന്‍ കിഷനും അദേഹത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ല. കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരം കെ എസ് ഭരത് വിക്കറ്റ് കീപ്പറാവണം, സൂര്യകുമാര്‍ യാദവ് ടെസ്റ്റ് അരങ്ങേറ്റം കുറിക്കണം എന്നും ദിനേശ് കാര്‍ത്തിക് തന്‍റെ ട്വീറ്റില്‍ പറഞ്ഞു. സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരും ഓസീസിന് കനത്ത ഭീഷണിയുയര്‍ത്തും എന്ന് കരുതപ്പെടുന്നവരുമായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നീ ത്രയം ഡികെയുടെ ഇലവനിലുള്ളപ്പോള്‍ ആറാം നമ്പറിലാണ് പരിക്കില്‍ നിന്നുള്ള തിരിച്ചുവരവില്‍ ജഡ്ഡുവിന്‍റെ ബാറ്റിംഗ് സ്ഥാനം.
ഡികെയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നാഗ്‌പൂരിലെ ഓസീസ് സാധ്യതാ ഇലവന്‍; താരങ്ങളുടെ പേരെഴുതാന്‍ കൈവിറച്ച് കമ്മിന്‍സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!