സച്ചിന് ശേഷം സ്വപ്‌ന പദവിയിലെത്താന്‍ കിംഗ് കോലി; വേണ്ടത് വെറും 64 റണ്‍സ്

By Web TeamFirst Published Feb 8, 2023, 5:25 PM IST
Highlights

ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ വെറും 64 റണ്‍സ് നേടിയാല്‍ വിരാട് കോലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സ് പൂര്‍ത്തിയാക്കാം

നാഗ്‌പൂര്‍: വീണ്ടും ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് പ്രേമികളുടെ കണ്ണുകള്‍ റണ്‍മെഷീന്‍ വിരാട് കോലിയിലേക്ക് നീളുകയാണ്. ആയിരത്തിലേറെ ദിവസം നീണ്ട സെഞ്ചുറിവരള്‍ച്ചയ്ക്ക് വിരാമമിട്ട് ബാറ്റ് കൊണ്ടുള്ള തന്‍റെ സ്വപ്‌ന സഞ്ചാരത്തിലേക്ക് മടങ്ങിയെത്തിയ കോലി തന്നെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലേയും ശ്രദ്ധാകേന്ദ്രം. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒപ്പം എലൈറ്റ് പട്ടികയിലേക്ക് രണ്ടാമനായി ചേക്കേറാണ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കോലി കാത്തിരിക്കുന്നത്. 

ഓസ്ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ വെറും 64 റണ്‍സ് നേടിയാല്‍ വിരാട് കോലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സ് പൂര്‍ത്തിയാക്കാം. കോലിക്ക് ഇപ്പോള്‍ 24936 റണ്‍സാണുള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമേ 25000 റണ്‍സ് ക്ലബില്‍ എത്തിയിട്ടുള്ളൂ. എക്കാലത്തേയും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനക്കാരനാണ് കോലി. 34357 റണ്‍സുമായി സച്ചിനാണ് തലപ്പത്ത്. 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളും 164 ഫിഫ്റ്റികളും ഉള്‍പ്പടെയാണ് സച്ചിന്‍ ഇത്രയും റണ്‍സ് പേരിലാക്കിയത്. അതേസമയം ടീം ഇന്ത്യക്കായി 490 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കിംഗ് കോലി 74 സെഞ്ചുറികളും 129 അര്‍ധസെഞ്ചുറികളും അടിച്ചുകൂട്ടി. 

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് നാളെ തുടക്കമാകുമ്പോള്‍ വിരാട് കോലി പ്ലേയിംഗ് ഇലവനിലുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് നാഗ്‌പൂരില്‍ ആദ്യ ടെസ്റ്റ് തുടങ്ങുക. അവസാന രണ്ട് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ടീം ഇന്ത്യക്കായിരുന്നു. 2004ന് ശേഷം ഇന്ത്യയില്‍ ഓസീസ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല എന്നതാണ് ചരിത്രം. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.  

ഫോമിലുള്ള രണ്ട് താരങ്ങള്‍ പുറത്ത്, സര്‍പ്രൈസ് അരങ്ങേറ്റങ്ങള്‍; നാഗ്‌പൂരിലെ ഇന്ത്യയുടെ ഇലവനുമായി ഡികെ

click me!