തലേന്നും തലപുകയ്‌ക്കുകയോ? നാഗ്‌പൂരിലെ അന്തിമ ഇലവന്‍ തീരുമാനമായിട്ടില്ലെന്ന് രോഹിത് ശര്‍മ്മ

By Web TeamFirst Published Feb 8, 2023, 5:51 PM IST
Highlights

നാഗ്‌പൂര്‍ പിച്ചില്‍ ഓസീസിനെ മെരുക്കാന്‍ സ്‌പിൻ കെണി ഒരുക്കുന്നുവെന്ന വിമർശനത്തെ രോഹിത് തള്ളി

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ അന്തിമ ഇലവനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിന്‍റെ തൊട്ടുതലേന്നാണ് ഹിറ്റ്‌മാന്‍റെ വാക്കുകള്‍. 'ഓപ്പണര്‍ ശുഭ്‌മാൻ ഗിൽ മികച്ച ഫോമിലാണ്. സൂര്യകുമാര്‍ യാദവിന് എന്ത് ചെയ്യാൻ സാധിക്കുമെന്നും നമുക്കറിയാം. മത്സരത്തിന് മുന്നോടിയായി ഉചിതമായ തീരുമാനമുണ്ടാകും' എന്നും ഇന്ത്യന്‍ ക്യാപ്റ്റൻ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു. നാഗ്‌പൂര്‍ പിച്ചില്‍ ഓസീസിനെ മെരുക്കാന്‍ സ്‌പിൻ കെണി ഒരുക്കുന്നുവെന്ന വിമർശനത്തെ രോഹിത് തള്ളി.

'പിച്ചിനെക്കുറിച്ചുള്ള ആശങ്ക മാറ്റിവെക്കൂ. ഇന്ത്യ-ഓസ്ട്രേലിയ ടീമുകളിലുള്ളത് മികച്ച 22 കളിക്കാരാണ്. അതുകൊണ്ട് പിച്ച് എങ്ങനെയുള്ളതായിരിക്കുമെന്നോ എത്രമാത്രം ടേണുണ്ടാവുമെന്നോ സീമുണ്ടാവുമെന്നോ എന്നൊന്നും ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. കാര്യങ്ങള്‍ ലളിതമാണ്, ഗ്രൗണ്ടിലിറങ്ങി മികച്ച കളി പുറത്തെടുക്കുക, അവര്‍ വിജയിക്കും'- രോഹിത് ശര്‍മ്മ വ്യക്തമാക്കി. എന്നാല്‍ നാഗ്‌പൂരിലെ പിച്ച് കണ്ടിട്ട് സ്‌പിന്നിനെ സഹായിക്കുന്ന പിച്ചായിരിക്കുമെന്നും അതുകൊണ്ടുതന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുക മത്സരത്തില്‍ ബാറ്റര്‍മാര്‍ക്ക് മുഖ്യമായിരിക്കും എന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന് വേദിയാവുന്ന നാഗ്‌പൂരിലെ പിച്ച് ഇന്ത്യന്‍ ടീമിന്‍റെ നിര്‍ദേശപ്രകാരം സ്‌പിന്നിനെ അമിതമായി തുണക്കുന്ന പിച്ചാക്കി മാറ്റിയെന്ന ഓസീസ് മാധ്യമങ്ങളുടെ ആരോപണത്തിനാണ് ഹിറ്റ്‌മാന്‍റെ മറുപടി. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്. 

സച്ചിന് ശേഷം സ്വപ്‌ന പദവിയിലെത്താന്‍ കിംഗ് കോലി; വേണ്ടത് വെറും 64 റണ്‍സ്

click me!