
കൊല്‍ക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് (Boria Majumdar) ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക്. സംഭവത്തില്‍ ബോറിയ കുറ്റക്കാരനാണെന്ന് ബിസിസിഐ നിയോഗിച്ച മൂന്നംഗ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വിലക്ക് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറി.
ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ബോറിയയ്ക്ക് വിലക്കേര്‍പ്പെടുത്തും. ബോറിയയുമായി സഹകരിക്കരുതെന്ന് കളിക്കാരോടും നിര്‍ദേശിക്കും. ബ്ലാക്ക് ലിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ ഐസിസിയോടും ആവശ്യപ്പെടും. ഇതോടൊപ്പം മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കരുതെന്നും ഐസിസിയോട് ആവശ്യപ്പെടും.
അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് ബോറിയ സന്ദേശങ്ങള്‍ അയച്ചിരുന്നു. സാഹ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹയെ പിന്തുണച്ചതോടെയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധമുള്ള ബോറിയക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരുള്‍പ്പെടുന്ന മുന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്.
സാഹ തന്റെ ചാറ്റുകള്‍ വളച്ചൊടിച്ചുവെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്ന് ബോറിയ പറഞ്ഞിരുന്നു. അഭിമുഖം നല്‍കാനായി സമീപിച്ച് മറുപടി നല്‍കാതായപ്പോള്‍ വാട്‌സപ്പ് മെസേജുകളിലൂടെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഹയുടെ ആരോപണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!