വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സംഭവം; മാധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് വിലക്കേര്‍പ്പെടുത്തും

By Web TeamFirst Published Apr 25, 2022, 4:07 PM IST
Highlights

അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് ബോറിയ സന്ദേശങ്ങള്‍ അയച്ചിരുന്നു. സാഹ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കൊല്‍ക്കത്ത: സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ബോറിയ മജൂംദാറിന് (Boria Majumdar) ബിസിസിഐയുടെ രണ്ട് വര്‍ഷ വിലക്കിന് സാധ്യത. വൃദ്ധിമാന്‍ സാഹയെ (Wriddhiman Saha) ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബോറിയ മജുംദാര്‍ കുറ്റക്കാരനാണെന്ന് ബിസിസിഐ കമ്മിറ്റി (BCCI) കണ്ടെത്തിയെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിമുഖം നല്‍കാതിരുന്നതിന് സാഹയെ അധിക്ഷേപിച്ച് ബോറിയ സന്ദേശങ്ങള്‍ അയച്ചിരുന്നു. സാഹ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്രിക്കറ്റ് ലോകം ഒന്നടങ്കം സാഹയെ പിന്തുണച്ചതോടെയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധമുള്ള ബോറിയക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. 

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാല്‍ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ബോറിയയ്ക്ക് വിലക്കേര്‍പ്പെടുത്തും. ബോറിയയുമായി സഹകരിക്കരുതെന്ന് കളിക്കാരോട് ആശ്യപ്പെടും. മത്സരങ്ങള്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ അനുവദിക്കരുതെന്ന് ഐസിസിയോട് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്‌തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരുള്‍പ്പെടുന്ന മുന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ചത്. 

സാഹ തന്റെ ചാറ്റുകള്‍ വളച്ചൊടിച്ചുവെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാജമായി ഉണ്ടാക്കുകയായിരുന്നുവെന്ന് ബോറിയ പറഞ്ഞിരുന്നു. അഭിമുഖം നല്‍കാനായി സമീപിച്ച് മറുപടി നല്‍കാതായപ്പോള്‍ വാട്സപ്പ് മെസേജുകളിലൂടെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാധ്യമ പ്രവര്‍ത്തകന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഹയുടെ ആരോപണം.

click me!