
മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി എന്നത് പുതുമയല്ലാതായി കഴിഞ്ഞു. ടി20 ക്രിക്കറ്റില്‍ ആരാവും ഇനി ഡബിള്‍ സെഞ്ചുറി അടിക്കുക എന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ്. എന്നാല്‍ ടി20യില്‍ ഡബിള്‍ സെഞ്ചുറി അടിക്കാന്‍ സാധ്യതയുള്ള ഒരേയൊരു ബാറ്റ്സ്മാന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് പറയുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. ട്വിറ്ററിലൂടെയാണ് ഹോഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
94 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രോഹിത് ഇതുവരെ നാലു ലെഞ്ചുറിയും 16 അര്‍ധ സെഞ്ചുറികളും അടക്കം 2331 റണ്‍സടിച്ചിട്ടുണ്ട്. ടി20യില്‍ ഡബിള്‍ സെഞ്ചുറിക്ക് അടുത്തെത്തിയ പ്രകടനം നടത്തിയവരില്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മുമ്പില്‍. 76 പന്തില്‍ 172 റണ്‍സാണ് 2018ല്‍ സിംബാബ്‌വെയ്ക്കെതിരെ ഫിഞ്ച് അടിച്ചെടുത്തത്. രാജ്യാന്തര ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിനായി 66 പന്തില്‍ 175 റണ്‍സടിച്ച ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടി20യില്‍ രോഹിത് ശര്‍മയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറാകട്ടെ 118 ആണ്. ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍(264) രോഹിത്തിന്റെ പേരിലാണ്.