ഇവരാണ് കരിയറില്‍ ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാര്‍; വെളിപ്പെടുത്തി ബ്രറ്റ് ലീ

By Web TeamFirst Published May 30, 2020, 3:26 PM IST
Highlights

കളിച്ചിരുന്ന കാലത്ത് ബാറ്റ്‌സ്മാന്മാുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. എന്നാല്‍ ബ്രറ്റ് ലീക്ക് മറുപടി കൊടുക്കാന്‍ പാകത്തിലുള്ള താരങ്ങളുണ്ടായിട്ടുണ്ട്.

മെല്‍ബണ്‍: കളിച്ചിരുന്ന കാലത്ത് ബാറ്റ്‌സ്മാന്മാുടെ പേടി സ്വപ്‌നമായിരുന്നു ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രറ്റ് ലീ. എന്നാല്‍ ബ്രറ്റ് ലീക്ക് മറുപടി കൊടുക്കാന്‍ പാകത്തിലുള്ള താരങ്ങളുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റസ്മാന്മാരെ കുറിച്ച് പറയുകയാണ് മുന്‍താരം. മുന്‍ സിംബാബ്‌വെ താരവും കമന്റേറ്ററുമായ പോമി ബാംഗ്‌വയുമായി സംസാരിക്കുകയായിരുന്നു ബ്രറ്റ് ലീ. 

കരിയറില്‍ ആരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച താരങ്ങളാരൊക്കെ എന്നായിരുന്നു ബാംഗ്‌വയുടെ ചോദ്യം. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു ബ്രറ്റ് ലിയുടെ പട്ടികയിലെ ഒന്നാമന്‍. ബ്രറ്റ് ലീ തുടര്‍ന്നു... ''ഏത് പന്തുകളുടെ മുകളിലും ആധിപത്യം സ്ഥാപിക്കാന്‍ സച്ചിന് സാധിക്കും. ഷോട്ടുകള്‍ കളിക്കാന്‍ മറ്റുള്ള ബാറ്റ്സ്മാന്മാരെക്കാള്‍ കൂടുതല്‍ സമയം സച്ചിന് ലഭിക്കാറുണ്ട്. അതെങ്ങനെയാണെന്ന് ചോദിച്ചാല്‍ ഇപ്പോഴും ഉത്തരമില്ല. 

ഇക്കാര്യത്തില്‍ ലാറയും വ്യത്യസ്തമല്ല. അദ്ദേഹവും ബുദ്ധിമുട്ടിച്ചുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസാണ് മൂന്നാമന്‍. ഒരു സമ്പൂര്‍ണ ക്രിക്കറ്ററാണ് കാലിസ്. സച്ചിന്‍ ലോകത്തെ മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ കാലിസ് ഏറ്റവും മികച്ച ക്രിക്കറ്ററാണ്.'' ബ്രറ്റ് ലി പറഞ്ഞു. 

സാങ്കേതിക തികവിന്റെ കാര്യത്തില്‍ ആദം ഗില്‍ക്രിസ്റ്റിനാണ് ബ്രെറ്റ് ലീ മുഴുവന്‍ മാര്‍ക്ക് കൊടുക്കുന്നത്. ഇതിഹാസ കീപ്പറും മികച്ച ബാസ്മാനുമാണ് ഗില്‍ക്രിസ്റ്റ്. ഗില്ലിക്ക് പുറമെ രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ് എന്നിവരെയും ബ്രെറ്റ് ലീ പരാമര്‍ശിക്കുന്നുണ്ട്. ടെസ്റ്റില്‍ ആദ്യ പന്തില്‍ സിക്സടിക്കാനുള്ള സെവാഗിന്റെ ധൈര്യം അപാരമെന്നാണ് ലീയുടെ അഭിപ്രായം.

click me!