ഇനിയെങ്കിലും പൂജാര ഈ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം; തുറന്നുപറഞ്ഞ് വിന്‍ഡീസ് ഇതിഹാസം

By Web TeamFirst Published Aug 25, 2021, 5:21 PM IST
Highlights

പൂജാരയെപ്പോലൊരു ബാറ്റ്സ്മാനല്ല ഞാന്‍. ക്രീസില്‍ അത്രമാത്രം ക്ഷമയോടെ പ്രതിരോധിച്ചു നില്‍ക്കാനും എനിക്ക് പറ്റില്ല. അതുകൊണ്ടുതന്നെ ഞാനായിരുന്നു പരിശീലകനെങ്കില്‍ പൂജാരയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാനാണ് ആദ്യം ശ്രമിക്കുക.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോച്ചായിരുന്നെങ്കില്‍ പൂജാരയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നുവെന്ന് ലാറ പറഞ്ഞു.

പൂജാരയെപ്പോലൊരു ബാറ്റ്സ്മാനല്ല ഞാന്‍. ക്രീസില്‍ അത്രമാത്രം ക്ഷമയോടെ പ്രതിരോധിച്ചു നില്‍ക്കാനും എനിക്ക് പറ്റില്ല. അതുകൊണ്ടുതന്നെ ഞാനായിരുന്നു പരിശീലകനെങ്കില്‍ പൂജാരയുടെ മെല്ലെപ്പോക്ക് അവസാനിപ്പിക്കാനാണ് ആദ്യം ശ്രമിക്കുക.

കൂടുതല്‍ ഷോട്ടുകള്‍ കളിക്കാനും സ്‌കോര്‍ ചെയ്യാനും അതുവഴി ടീമിന് ഗുണകരമാകുന്ന രീതിയില്‍ പൂജാരയുടെ ബാറ്റിംഗില്‍ മാറ്റം വരുത്താനും ഞാന്‍ ശ്രമിക്കുമായിരുന്നു. പൂജാരയുടെ ഈ മെല്ലെപ്പോക്ക് പണ്ട് ഇന്ത്യയെ സഹായിച്ചിരിക്കാം. അതുവഴി അദ്ദേഹം ബാറ്റിംഗിലെ നട്ടെല്ലുമായിട്ടുണ്ടാവും.

അദ്ദേഹത്തിന് അറിയാവുന്നതാണ് ചെയ്യുന്നത്. എന്നാലും ഇത്രയും കുറഞ്ഞ സ്ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്രയും പതുക്കെ ബാറ്റ് ചെയ്യുമ്പോള്‍ പലപ്പോഴും ബാറ്റിംഗിലെ താളം നഷ്ടപ്പെടാം. അതുപോലെ സെഞ്ചുറി നേടുന്ന ഇന്നിംഗ്സുകളേക്കാള്‍ കൂടുതല്‍ കുറഞ്ഞ സ്‌കോറില്‍ പുറത്താവുന്നതുവഴി ടീം പ്രതിരോധത്തിലാവുമെന്നും ലാറ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായ പൂജാര മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും ഒരു റണ്ണെടുത്ത് ആന്‍ഡേഴ്സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!