മധ്യപ്രദേശിലെ അജ്‌നാര്‍ നദി സ്വയം ശുദ്ധീകരിച്ച് ബിട്ടു തബാഹി; പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണും ബോയന്‍ സ്ലാട്ടും

Published : Sep 06, 2026, 03:26 PM IST
Bittu tabahi aka surendra singh

Synopsis

മധ്യപ്രദേശിലെ ബിഎസ്സി വിദ്യാർത്ഥിയായ ബിട്ടു തബാഹി, മലിനമായ അജ്‌നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് മാതൃകയായി. യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ടൺ കണക്കിന് മാലിന്യം നീക്കം ചെയ്ത ഈ ഇരുപത്തൊന്നുകാരന്റെ പ്രയത്നത്തിന് കെവിൻ പീറ്റേഴ്സൺ, ബോയൻ സ്ലാട്ട് തുടങ്ങിയ പ്രമുഖരിൽ നിന്ന് ആഗോള പ്രശംസ ലഭിച്ചു.

ലണ്ടന്‍: സമൂഹമാധ്യമങ്ങളിലൂടെ സാധാരണക്കാര്‍ക്കും വലിയ രീതിയില്‍ ജനശ്രേണിയിലേക്ക് എത്താന്‍ സാധിക്കുന്ന കാലമാണിത്. സ്വന്തം പ്രയത്‌നങ്ങള്‍ കൊണ്ട് ചുരുങ്ങിയ സമയംകൊണ്ട് വലിയ ജനപ്രീതി നേടിയെടുത്ത നിരവധി പേരുണ്ട്. മധ്യപ്രദേശില്‍ നിന്നുള്ള സുരേന്ദ്ര സിങ് ചൗധരി എന്ന ബിട്ടു തബാഹി എന്ന ബിഎസ്സി വിദ്യാര്‍ത്ഥിയുടെ കഥയും അത്തരത്തിലുള്ള ഒന്നാണ്. സ്വന്തം പ്രയത്‌നത്തിലൂടെ ഒരു മലിനമായ നദി വൃത്തിയാക്കി മാതൃകയായിരിക്കുകയാണ് ഈ ഇരുപത്തൊന്നുകാരന്‍.

ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ വാര്‍ത്ത പങ്കുവെക്കുകയുണ്ടായി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ബിയോറയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് 'ബിട്ടു തബാഹി' (യഥാര്‍ത്ഥ പേര് സുരേന്ദ്ര സിങ് ചൗധരി). പ്രാദേശിക ക്ഷേത്രത്തിന് സമീപമുള്ള അജ്‌നാര്‍ നദിയില്‍ പ്ലാസ്റ്റിക്കും പായലും ചെളിയും അടിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത് കണ്ട ഇദ്ദേഹം, മറ്റുള്ളവരുടെ സഹായത്തിനായി കാത്തുനില്‍ക്കാതെ നദി ശുദ്ധീകരിക്കാന്‍ ഇറങ്ങുകയായിരുന്നു.

2026 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലാണ് അദ്ദേഹം തന്റെ ശുചീകരണ യജ്ഞം ആരംഭിച്ചത്. ആദ്യം ചില സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ഇതൊരു ഒറ്റയാള്‍ പോരാട്ടമായി മാറുകയായിരുന്നു. നീന്താന്‍ പോലും അറിയാത്ത ബിട്ടു, യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് നദിയില്‍ നിന്ന് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ് ബിട്ടു ശുചീകരണത്തിനുള്ള സാമഗ്രികള്‍ വാങ്ങിയത്. കയ്യില്‍ അണുബാധയേറ്റെങ്കിലും അദ്ദേഹം പിന്മാറിയില്ല.

ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കെവിന്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി എത്തി. 'ഞാന്‍ ഇതറിഞ്ഞപ്പോള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ തോന്നി. ആശംസകള്‍, ഭായ്! 21-ാം വയസ്സില്‍ കയ്യുറകളോ ബൂട്ടുകളോ നീന്തലറിയുകയോ ചെയ്യാതെ ബിട്ടു തബാഹി ഒരു മലിനമായ നദിയിലേക്ക് ഇറങ്ങി അത് വൃത്തിയാക്കാന്‍ തുടങ്ങി.' എന്ന് പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു. പൂജാവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റുകയും സുഹൃത്തുക്കളില്‍ നിന്ന് പണം പിരിച്ച് ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അന്താരാഷ്ട്ര അംഗീകാരം അര്‍ഹിക്കുന്നുവെന്നും പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

ബിട്ടുവിന്റെ ഈ കഠിനാധ്വാനം ലോകമെമ്പാടുമുള്ള പ്രമുഖരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. 'ദി ഓഷ്യന്‍ ക്ലീനപ്പ്' എന്ന സംഘടനയുടെ സ്ഥാപകനും സിഇഒയുമായ ബോയന്‍ സ്ലാട്ട്, ബിട്ടുവിന്റെ പ്രവര്‍ത്തനം കണ്ട് തന്റെ സംഘടനയില്‍ ജോലി വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുലീപ് ട്രോഫി ഫൈനലിനിടെ വൈഭവ് സൂര്യവംശിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് തിലക് വര്‍മ, പിന്നാലെ താരം പുറത്ത്
മുഹമ്മദ് സിറാജിന്റെ ഒരോവറില്‍ ഒരു സിക്‌സും രണ്ട് ഫോറും പറത്തി വൈഭവ് സൂര്യവംശി; വൈറല്‍ വീഡിയോ കാണാം