രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി ആകാനില്ല; മുംബൈ ഇന്ത്യന്‍സിന്റെ ഉപനായക സ്ഥാനം നിരസിച്ച് ജസ്പ്രിത് ബുംറ

Published : Nov 27, 2026, 09:24 PM IST
Jasprit Bumrah

Synopsis

രോഹിത് ശർമയെ വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായി നിയമിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനം ജസ്പ്രിത് ബുംറ നിരസിച്ചു. ടീം മാനേജ്മെന്റ് ഒക്ടോബർ ആദ്യവാരത്തിലാണ് ഈ സ്ഥാനം വാഗ്ദാനം ചെയ്തതെങ്കിലും തന്റേതായ കാരണങ്ങളാൽ ബുംറ അത് വേണ്ടെന്നുവെക്കുകയായിരുന്നു.

മുംബൈ: രോഹിത് ശര്‍മയെ വീണ്ടും മുംബൈ ഇന്ത്യന്‍സ് നായകനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നു. കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കൊപ്പം, ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി എത്തിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ ഉടലെടുത്ത വിശ്വാസത്തകര്‍ച്ചയുമാണ് രോഹിത്തിനെ വീണ്ടും നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ ഫ്രാഞ്ചൈസിയെ പ്രേരിപ്പിച്ചത്. ഹാര്‍ദിക് പാണ്ഡ്യ മുംബൈ വിട്ട് പഞ്ചാബ് കിംഗ്‌സിലേക്ക് മാറുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ, രോഹിത്തിന് ക്യാപ്റ്റന്‍സി തിരികെ നല്‍കാന്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ തീരുമാനിച്ചിരുന്നു.

അടുത്ത നായകനെ തിരഞ്ഞെടുക്കുമ്പോള്‍, ഈ വര്‍ഷം ആദ്യം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാര്‍ യാദവിനെ മുംബൈ പരിഗണിച്ചിരുന്നില്ല. ജസ്പ്രിത് ബുംറയെയോ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായ തിലക് വര്‍മയെയോ നായകസ്ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഫ്രാഞ്ചൈസിക്ക് മാത്രം അറിയാവുന്ന കാരണങ്ങളാല്‍ സൂര്യകുമാറിനെ ഒഴിവാക്കിയപ്പോള്‍, തിലക് വര്‍മയെ ഭാവിയിലേക്ക് വളര്‍ത്തിയെടുക്കേണ്ട താരമായാണ് ടീം കാണുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായ ജസ്പ്രീത് ബുംറയുടെ കാര്യത്തില്‍ സംഭവിച്ചതെന്താണ്?

മുംബൈ ഇന്ത്യന്‍സിന് നിലവില്‍ ഔദ്യോഗിക വൈസ് ക്യാപ്റ്റന്‍ ഇല്ലെങ്കിലും, ക്യാപ്റ്റന്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ ടീമിനെ നയിക്കാന്‍ ഒരു മുതിര്‍ന്ന താരത്തിന്റെ സേവനം ആവശ്യമാണ്. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാറും ബുംറയും മാറിമാറിയാണ് ടീമിനെ നയിച്ചത്. ഇത്തവണ, ക്യാപ്റ്റന്‍സിക്ക് വേണ്ടിയല്ലെങ്കിലും, വൈസ് ക്യാപ്റ്റനാകാന്‍ മുംബൈ ഇന്ത്യന്‍സ് ബുംറയെ സമീപിച്ചിരുന്നു. രോഹിത്തിനെ ക്യാപ്റ്റനായി തീരുമാനിച്ചതിന് പിന്നാലെ ഒക്ടോബര്‍ ആദ്യവാരത്തിലാണ് ടീം മാനേജ്മെന്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ബുംറയെ സമീപിച്ചത്.

എന്നാല്‍ തന്റേതായ കാരണങ്ങളാല്‍ ബുംറ ഈ വാഗ്ദാനം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. 2026 സീസണില്‍ താല്‍ക്കാലിക ക്യാപ്റ്റനായി മുംബൈയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ബുംറ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാകുന്നതിന് മുന്‍പ് ഞാന്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്നില്ല.' എന്നായിരുന്നു അന്ന് ബുംറ പറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയില്‍
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പോണ്ടിച്ചേരി 332 റണ്‍സിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍