അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്‌നാടിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും കേരളത്തിന് 30 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. വി.ജെ. ശിവാങ്കിന്റെ മികച്ച ബോളിംഗാണ് കേരളത്തിന് കരുത്തായത്.

ഗ്വാളിയോര്‍: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 471 പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്‌നാടിന്റെ മറുപടി 441-ല്‍ അവസാനിച്ചു. ഇതോടെ കേരളം 30 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

സ്‌കോര്‍ - കേരളം 471/8 ഡിക്ലയേഡ്, തമിഴ്‌നാട് 441ന് ഓള്‍ഔട്ട്

രണ്ട് വിക്കറ്റിന് 150 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ തമിഴ്‌നാടിന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അര്‍ദ്ധ സെഞ്ച്വറികളുമായി മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയായിരുന്ന ക്യാപ്റ്റന്‍ അക്ഷത് റാവു 86-ഉം മുഹമ്മദ് സാഫിര്‍ 70-ഉം റണ്‍സ് നേടി പുറത്തായി. എസ്.പി. ദശ്വിന്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ മുഹമ്മദ് അര്‍ഫാസും അഭിമാന്‍ സുന്ദറും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശിയ മുഹമ്മദ് അര്‍ഫാസ് ഒരു ഘട്ടത്തില്‍ തമിഴ്‌നാടിന് ലീഡ് നേടിക്കൊടുത്തേക്കുമെന്ന് തോന്നിച്ചെങ്കിലും ശക്തമായി തിരിച്ചുവന്ന കേരളത്തിന്റെ ബൗളര്‍മാര്‍ മത്സരം തങ്ങള്‍ക്കനുകൂലമാക്കി. 141 റണ്‍സെടുത്ത മുഹമ്മദ് അര്‍ഫാസിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി വി.ജെ. ശിവാങ്കാണ് കേരളത്തിന് നിര്‍ണായക വഴിത്തിരിവ് സമ്മാനിച്ചത്. ശിവാങ്ക് നാല് വിക്കറ്റും ആനന്ദ് സായിയും ശ്രീഹരി പ്രസാദും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തമിഴ്‌നാടിനായി കെവിന്‍ ചാള്‍സ് (42), അഭിമാന്‍ സുന്ദര്‍ (32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

YouTube video player