
ഓക്‌ലൻഡ്: ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫോം കണ്ടെത്താനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമായി പ്രമുഖ ഇന്ത്യൻ താരങ്ങൾ 'ഇന്ത്യ എ' ടീമിനായി കളത്തിലിറങ്ങും. ഇന്ത്യ എ ടീം ന്യൂസിലന്‍ഡിലേക്ക് നടത്തുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിൽ അഞ്ച് ടി-20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവയാണ് ഇന്ത്യ കളിക്കുക.
ഇതിന് മുന്നോടിയായി ഒക്ടോബർ 24 മുതൽ നവംബർ 10 വരെ മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കായി 'ഇന്ത്യ എ' ടീമും ന്യൂസിലൻഡിലേക്ക് തിരിക്കും. കഴിഞ്ഞ വർഷം നവംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നവംബറിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് താളം വീണ്ടെടുക്കാൻ ബുംറ കുറഞ്ഞത് ഒരു അനൗദ്യോഗിക ടെസ്റ്റിലെങ്കിലും പന്തെറിയുമെന്നാണ് സൂചന.
ബുംറയ്ക്ക് പുറമെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, റിഷഭ് പന്ത്, സായ് സുദർശൻ എന്നിവരും ഇന്ത്യ എ സംഘത്തിലുണ്ടാകും. ഏകദിന പരമ്പരയിലും ഭാഗമാകാൻ സാധ്യതയുള്ളതിനാൽ കെ.എൽ. രാഹുൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും എ ടീമിനായി കളിക്കുക. അതേസമയം പന്ത്, പടിക്കൽ, സായ് സുദർശൻ എന്നിവർ മൂന്ന് മത്സരങ്ങളിലും എ ടീമിനായി കളിച്ചേക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് ശേഷം മികച്ച ഫോം തുടരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നും സൂചനയുണ്ട്. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇഷാൻ അവസാനമായി ടെസ്റ്റ് കളിച്ചത്. വരും ദിവസങ്ങളിൽ ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ന്യൂസിലൻഡ് പര്യടനത്തിനുള്ള പ്രധാന ടീമിനെയും ഇന്ത്യ എ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!