ബുമ്ര- അസം പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുന്നു: സല്‍മാന്‍ ബട്ട്

By Web TeamFirst Published Sep 16, 2021, 2:33 PM IST
Highlights

ബാബര്‍ അസം- ജസ്പ്രീത് ബുമ്ര തമ്മിലുള്ള പോരിന് കാത്തിരിക്കുകയാണെന്നാണ് ബട്ട് പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. ദീര്‍ഘകാലങ്ങള്‍ക്ക് ശേഷമാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. പലരും വിലയിരുത്തലുകളുമായി രംഗത്തെത്തിക്കഴിഞ്ഞു. അതിലൊരാളാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. 

ബാബര്‍ അസം- ജസ്പ്രീത് ബുമ്ര തമ്മിലുള്ള പോരിന് കാത്തിരിക്കുകയാണെന്നാണ് ബട്ട് പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ബുമ്ര- അസം പോര് കടുത്തതായിരിക്കും. രണ്ട് പേരും ലോകോത്തര താരങ്ങളാണ്. രണ്ട് പേരും പരിചയസമ്പന്നര്‍. ബുമ്രയ്ക്ക് കൂടുതല്‍ മത്സര പരിചയമുണ്ട്. എന്നാല്‍ അസം ഏറെക്കാലമായി ക്രിക്കറ്റില്‍ തുടരുന്നു. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

ഇരുവരും നേര്‍ക്കുനേര്‍ വരികയെന്നത് ലോകകപ്പിന്റെ തന്നെ ഗ്ലാമര്‍ വര്‍ധിപ്പിക്കും. ബാബര്‍ ഓപ്പണറായി കളിക്കാനെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ബുമ്ര അസമിനെതിരെ പന്തെറിയും. ആ ദിവസം എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം.'' ബട്ട് വ്യക്തമാക്കി.

ഐസിസി ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യക്കെതിരെ ഇതുവരെ ജയിക്കാനായിട്ടില്ല. ടി20യിലും ഏകദിനത്തിലും അങ്ങനെതന്നെ. എന്നല്‍ ഇത്തവണ അതിന് മാറ്റം വരുമെന്നാണ് ബട്ട് പ്രതീക്ഷിക്കുന്നത്. ''പാക് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. പേസര്‍മാരെയാണ് ടീം കൂടുതല്‍ ആശ്രയിക്കുക. 

ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മുഹമ്മദ് വസിം എന്നിവര്‍ ടീമിലുണ്ട്. പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പാകിസ്ഥാന്‍ ജയിക്കാന്‍ സാധ്യതയേറെയാണ്.'' ബട്ട് കൂട്ടിച്ചേര്‍ത്തു.

click me!