ധോണി, ദ്രാവിഡ്, കോലി..! ക്യാപ്റ്റന്മാരെ വിലയിരുത്തി സുരേഷ് റെയ്‌ന

By Web TeamFirst Published Sep 16, 2021, 1:36 PM IST
Highlights

കരിയറിന്റെ അവസാനങ്ങളില്‍ വിരാട് കോലിക്ക് കീഴിലും റെയ്‌ന കളിച്ചു. കഴിഞ്ഞ വര്‍ഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ദുബായ്: മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ദേശീയ കുപ്പായത്തില്‍ മൂന്ന് ക്യാപ്റ്റന്മാര്‍ക്ക് കീഴില്‍ കളിച്ചു. 2005ല്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ അരങ്ങേറ്റം കുറിച്ച താരം എം എസ് ധോണിക്ക് കീഴില്‍ ഒരു മാച്ച് വിന്നറായി. കരിയറിന്റെ അവസാനങ്ങളില്‍ വിരാട് കോലിക്ക് കീഴിലും റെയ്‌ന കളിച്ചു. കഴിഞ്ഞ വര്‍ഷമാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ തന്റെ ക്യാപ്റ്റന്മാരെ കുറച്ച് സംസാരിക്കുകയാണ് റെയ്‌ന. 

ധോണി, ദ്രാവിഡ്, കോലി എന്നീ ക്രമത്തിലാണ് റെയ്‌ന ക്യാപ്റ്റന്മാരെ വിലയിരുത്തുന്നത്. അതിന് റെയ്‌നയ്ക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ട്. റെയ്‌ന പറയുന്നതിങ്ങനെ... ''മഹിക്കൊപ്പം ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചു. ബാറ്റ്‌സ്മാന്‍, ക്രിക്കറ്റര്‍ എന്നുവേണ്ട മുന്നില്‍ നിന്ന് നയിക്കുന്ന ഒരാള്‍ എന്ന രീതിയിലും ഞാന്‍ ധോണിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ എന്റെ കരിയറിന്റെ തുടക്കം ദ്രാവിഡിന് കീഴിലായിരുന്നു. 

അദ്ദേഹത്തിന് കീഴില്‍ ഒരു ടീമിലുണ്ടാക്കുമ്പോള്‍ എനിക്കും പ്രത്യേക റോളുണ്ടായിരുന്നു. കോലിക്കൊപ്പം ചില കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ എനിക്കായി. കോലിക്കൊപ്പം ഏറെ ആസ്വദിച്ചു. ക്യാപ്റ്റന്മാരെ വിലയിരുത്തുമ്പോള്‍ ധോണി, ദ്രാവിഡ്, കോലി എന്ന ക്രമത്തിലാണ് ഞാന്‍ പറയുക.'' റെയ്‌ന വ്യക്തമാക്കി.

ധോണിയും റെയ്‌നയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും അഞ്ച് മാസത്തെ ഇടവേളയിലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. ആദ്യ സൗരവ് ഗാംഗുലിക്ക് കീഴില്‍ ധോണി അരങ്ങേറി. പിന്നാലെ റെയ്‌ന ടീമിലെത്തി. പിന്നീട് ഇരുവരും മാച്ച് വിന്നര്‍മാരായി വളര്‍ന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ താരം റെയ്‌നയായിരുന്നു.

click me!