സ്നേഹാശിഷ് ഗാംഗുലി ഇടപെട്ടു; മലയാളി മുന്‍ സൈനികന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദരം

Published : Jan 23, 2025, 10:28 AM ISTUpdated : Jan 23, 2025, 01:14 PM IST
സ്നേഹാശിഷ് ഗാംഗുലി ഇടപെട്ടു; മലയാളി മുന്‍ സൈനികന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദരം

Synopsis

ഉന്നത സൈനിക ബഹുമതികളായ അശോക ചക്ര, കീര്‍ത്തിചക്ര പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാളിയാണ് കേണല്‍ എന്‍ ജെ നായര്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ആര്‍മിയുടെ ഹീറോയായിരുന്ന മലയാളി കേണല്‍ എന്‍ ജെ നായര്‍ക്ക് (നീലകണ്ഠൻ ജയചന്ദ്രൻ നായർ) ആദരവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി). വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തെ സ്റ്റാന്‍ഡ്‌സിന് കേണല്‍ എന്‍ ജെ നായരുടെ പേര് നല്‍കി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം ജൂലന്‍ ഗോസ്വാമിയെയും ഈഡനില്‍ പ്രത്യേക സ്റ്റാന്‍ഡ്‌സിന് പേര് നല്‍കി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചിട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്‍റി 20ക്ക് മുമ്പായിരുന്നു കേണല്‍ എന്‍ ജെ നായര്‍ക്കും ജൂലന്‍ ഗോസ്വാമിക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആദരം നല്‍കിയത്. 

രാജ്യത്തിന് നല്‍കിയ വലിയ സംഭാവനകള്‍ മാനിച്ചാണ് കേണല്‍ എന്‍ ജെ നായര്‍ക്കും ജൂലന്‍ ഗോസ്വാമിക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ആദരം. കേണല്‍ എന്‍ ജെ നായരെയും ജൂലന്‍ ഗോസ്വാമിയെയും ആദരിക്കുന്നത് അഭിമാന നിമിഷമാണെന്ന് സിഎബി പ്രസിഡന്‍റ് സ്നേഹാശിഷ് ഗാംഗുലി പറഞ്ഞു. 'രാജ്യത്തിന്‍റെ ഐക്കണുകള്‍ക്ക് ആദരം നല്‍കാനായി ഈഡന്‍ ഗാര്‍ഡന്‍സിലെ സ്റ്റാന്‍ഡ‍്‌സുകള്‍ പുനഃനാമകരണം ചെയ്യുകയാണ്. ഇതൊരു അഭിമാന നിമിഷമാണ്. ഈ മനോഹര നിമിഷത്തിന്‍റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്' എന്നും സ്നേഹാശിഷ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന് നല്‍കിയ സേവനങ്ങള്‍ മാനിച്ച് ഉന്നത സൈനിക ബഹുമതികളായ അശോക ചക്ര, കീര്‍ത്തിചക്ര പുരസ്‌കാരങ്ങള്‍ ലഭിച്ച മലയാളിയാണ് കേണല്‍ എന്‍ ജെ നായര്‍. ഇരു പുരസ്കാരങ്ങളും ലഭിച്ച ഏക സൈനികന്‍ കൂടിയാണ് അദേഹം. നീലകണ്ഠൻ ജയചന്ദ്രൻ നായർ എന്നായിരുന്നു പൂര്‍ണനാമം എങ്കിലും എന്‍ ജെ എന്നായിരുന്നു അദേഹത്തിന്‍റെ വിളിപ്പേര്. 1993 ഡിസംബര്‍ 20ന് രാജ്യത്തിനായി എന്‍ ജെ നായര്‍ വീരമൃത്യുവരിച്ചു. തന്‍റെ പിതാവിന് പ്രത്യേകം ആദരമൊരുക്കിയ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കേണല്‍ എന്‍ ജെ നായരുടെ മകന്‍ ശിവന്‍ ജെ നായര്‍ നന്ദിയറിയിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ ജൂലന്‍ ഗോസ്വാമി 12 ടെസ്റ്റുകളില്‍ 44 വിക്കറ്റും, 204 ഏകദിനങ്ങളില്‍ 255 വിക്കറ്റുകളും, 68 രാജ്യാന്തര ട്വന്‍റി 20കളില്‍ 56 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഈഡനിലെ ച‍ടങ്ങളില്‍ പങ്കെടുക്കാന്‍ ജൂലന്‍ നേരിട്ടെത്തിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലെ ആദരത്തിനും ക്രിക്കറ്റ് കരിയറിലുടനീളം നല്‍കിയ പിന്തുണകള്‍ക്കും ജൂലന്‍ ഗോസ്വാമി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞു. ഇങ്ങനെയൊരു അപൂര്‍വ നിമിഷം ഞാന്‍ ജീവിതത്തില്‍ സ്വപ്നം കണ്ടിരുന്നുപോലുമില്ല. ഇന്ത്യക്കായി കളിക്കാനുള്ള ഭാഗ്യമുണ്ടായി. എന്‍റെ പേര് ഈഡ‍നിനെ സ്റ്റാന്‍ഡ്‌സിന് നല്‍കിയത് മറക്കാനാവാത്ത ഭാഗ്യമാണ് എന്നും ജൂലന്‍ കൂട്ടിച്ചേര്‍ത്തു. 

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെയും ബിസിസിഐയുടെയും മുന്‍ തലവനായ സൗരവ് ഗാംഗുലിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 'കേണല്‍ എന്‍ ജെ നായര്‍, ജൂലന്‍ ഗോസ്വാമി എന്നീ രണ്ട് മഹത് വ്യക്തികളുടെ പേര് ഈഡന്‍ ഗാര്‍ഡന്‍സിലെ സ്റ്റാന്‍ഡ്‌സിന് നല്‍കിയത് അഭിമാന നിമിഷമാണ്. സ്വന്തം മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരാണ് ഇരുവരും. ഇന്ത്യന്‍ ആര്‍മിക്ക് ചെയ്ത സുത്യര്‍ഹമായ സേവനത്തിലൂടെ കേണല്‍ എന്‍ ജെ നായര്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തി. അതേസമയം ജൂലന്‍ ക്രിക്കറ്റിലും രാജ്യത്തിന്‍റെ അഭിമാനമായി' എന്നും ദാദ കൂട്ടിച്ചേര്‍ത്തു. 

Read more: വെടിക്കെട്ടിന് തുടക്കമിട്ട് സഞ്ജു, പൂര്‍ത്തിയാക്കി അഭിഷേക് ശർമ; ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍