അഖില്‍ സ്‌കറിയയും സല്‍മാന്‍ നിസാറും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആദ്യ ജയമൊരുക്കി; റോയല്‍സിനെ മറികടന്നത് ഏഴ് വിക്കറ്റിന്

Published : Aug 24, 2025, 07:46 PM IST
Akhil Scaria and Salman Nizar

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് ട്രിവാൻഡ്രം റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ആദ്യ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഗ്ലോബ്‌സ്റ്റാര്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. 54 പന്തില്‍ 78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദാണ് ടോപ് സ്‌കോറര്‍. ഗ്ലോബ്‌സ്റ്റാര്‍സിന് വേണ്ടി അഖില്‍ സ്‌കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗ്ലോബ്‌സ്റ്റാര്‍സ് 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഖില്‍ സ്‌കറി (32 പന്തില്‍ 68), സല്‍മാന്‍ നിസാര്‍ (34 പന്തില്‍ 51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഗ്ലോബ്‌സ്റ്റാര്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

മോശം തുടക്കമായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സിന്. ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മല്‍ (12) ടി എസ് വിനിലിന്റെ പന്തില്‍ ബൗള്‍ഡായി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ്. തുടര്‍ന്നെത്തിയ അജിനാസിനും (5) തിളങ്ങാനായില്ല. വി അജിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതിനിട ഓപ്പണര്‍ സുരേഷ് സച്ചിനും (28) മടങ്ങിയതോടെ 10 ഓവറില്‍ മൂന്നിന് 68 എന്ന നിലയിലായി ഗ്ലോബ്‌സ്റ്റാര്‍സ്. അടുത്ത 10 ഓവറില്‍ ഗ്ലോബ്‌സ്റ്റാര്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 107 റണ്‍സ്.

മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിസാറും അഖിലും ഗ്ലോബ്‌സ്റ്റാര്‍സിനെ ഒരു ത്രില്ലര്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15 ഓവറില്‍ മൂന്നിന് 99 എന്ന നിലയിലായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സ്. പിന്നീട് അടുത്ത അഞ്ച് ഓവറില്‍ 75 റണ്‍സ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. എന്നാല്‍ ഒരോവര്‍ ബാക്കി നില്‍ക്കെ ഗ്ലോബ്‌സ്റ്റാര്‍സ് വിജത്തിലെത്തി. നേരത്തെ, കൃഷ്ണ പ്രസാദ് മാത്രമാണ് റോയല്‍സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. അബ്ദുള്‍ ബാസിത് (24), എസ് സുബിന്‍ (23), റിയാസ് ബഷീര്‍ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഗോവിന്ദ് ദേവ് പൈ (4), നിഖില്‍ എം (5), ബേസില്‍ തമ്പി (7) എന്നിവരും പുറത്തായി. അഭിജിത് പ്രവീണ്‍ (9) പുറത്താവാതെ നിന്നു.

കാലികറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സുരേഷ് സച്ചിന്‍ (വിക്കറ്റ് കീപ്പര്‍), അജിനാസ്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അന്‍ഫല്‍, സുധേശന്‍ മിഥുന്‍, അഖില്‍ സ്‌കറിയ, മനു കൃഷ്ണന്‍, ഹരികൃഷ്ണന്‍, അഖില്‍ ദേവ്, മോനു കൃഷ്ണ.

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന്‍ എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, വിനില്‍ ടി എസ്, നിഖില്‍ എം, അജിത് വി, അഭിജിത്ത് പ്രവീണ്‍ വി, ബേസില്‍ തമ്പി, ഫാസില്‍ ഫാനൂസ്.

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ