
'പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെക്കുറിച്ച് മാത്രമായിരുന്നു അന്നത്തെ ടീം മീറ്റിങ്ങുകള്‍. അവനെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കുമായിരുന്നു.' യൂത്ത് ക്രിക്കറ്റ് സീസണിനിടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞതാണിത്. പിന്നീട് ഇന്ത്യയുടെ രണ്ടാം വന്‍മതിലായി പൂജാര മാറി. ടെസ്റ്റ് ക്രിക്കറ്റില്‍ പ്രതിരോധത്തിന്റെ പര്യായമായി. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച പൂജാര അല്‍പസമയം മുമ്പാണ് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 43.6 ശരാശരിയില്‍ 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. 206 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. തലമുറ മാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമില്‍ ഇനിയൊരു അവസരമുണ്ടാവില്ലെന്ന ബോധ്യത്തെ തുടര്‍ന്നാണ് പൂജാരയുടെ പിന്മാറ്റം. 2023ലാണ് താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു ദശകത്തോളം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി വളര്‍ന്ന പൂജാര ശ്രദ്ധികപ്പെടുന്നത് സാങ്കേതികത്തികവിന്റെയും പിഴവറ്റ പ്രതിരോധത്തിന്റെയും പേരിലാണ്. 176 ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം നേരിട്ട പന്തുകള്‍ മാത്രം നോക്കിയാല്‍ മതിയാവും അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ എത്രത്തോളം അവിഭാജ്യമാണെന്ന് മനസിലാക്കാന്‍. 16217 പന്തുകളാണ് പൂജാര നേരിട്ടത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 51.90, ലിസ്റ്റ് എ മത്സരങ്ങളില്‍ 56.50 എന്നിങ്ങനെ ബാറ്റിങ് ശരാശരിയുമായി ആഭ്യന്തര ക്രിക്കറ്റില്‍ നിറഞ്ഞാടിയ സമയത്താണ് പൂജാരയെ ടെസ്റ്റ് ടീമിലേക്കു വിളിക്കുന്നത്. രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നീ ടെസ്റ്റ് സ്പെഷലിസ്റ്റുകള്‍ കളി മതിയാക്കാന്‍ ഒരുങ്ങിയപ്പോഴാണ് സെലക്റ്റര്‍മാര്‍ പൂജാരയിലേക്ക് തിരിയുന്നത്.
2010 ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരെ അരങ്ങേറ്റം. നാലാം നമ്പറിലാണ് അന്ന് പൂജാര ബാറ്റിംഗിനെത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സില്‍ 89 പന്തില്‍ 72 റണ്‍സ് നേടി. ഒരു വര്‍ഷത്തിനിപ്പുറം ദ്രാവിഡും ലക്ഷ്മണും വിരമിച്ചതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ അവിഭാജ്യഘടകമായി പൂജാര മാറി. വിദേശത്തെ മങ്ങിയ പ്രകടനത്തിന്റെ കുറവ് നാട്ടിലെ മികച്ച ഇന്നിങ്സുകളിലൂടെയാണ് പൂജാര മറികടന്നത്. 2017ല്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് പൂജാരയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. 2017ല്‍ 67.06 ആയിരുന്നു ടെസ്റ്റില്‍ പൂജാരയുടെ ബാറ്റിങ് ശരാശരി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അത് 38.05 ആയി കുറഞ്ഞു. അവിടം തൊട്ടാണ് പൂജാരയുടെ വീഴ്ച ആരംഭിക്കുന്നത്.
2019ല്‍ ബാറ്റിങ് ശരാശരി 46.09 ആയി ഉയര്‍ന്നെങ്കിലും 2020ല്‍ അത് 20.38 ലേക്ക് വീണു. ടീമില്‍ നിന്ന് പൂജാര ഏറക്കുറെ പുറത്താകുമെന്ന് ഉറപ്പിച്ച സമയത്താണ് 2021ല്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്നത്. പരമ്പരയില്‍ 29.20 ശരാശരിയില്‍ 271 റണ്‍സാണ് പൂജാര നേടിയത്. ഓസ്ട്രേലിയന്‍ പേസര്‍മാരുടെ ബൗണ്‍സറുകള്‍ ശരീരം കൊണ്ട് തടഞ്ഞിട്ടു പൂജാര. അന്ന് ക്രിക്കറ്റ് ലോകം പൂജാരയെ ആഘോഷിച്ചു. ടെസ്റ്റ് കരിയറിന് ആയുസ്സ് നീട്ടിനല്‍കിയത് ഈ പ്രകടനത്തിലൂടെയായിരുന്നു. അതേ സമയം ബാറ്റിംഗ് ഫോമില്‍ ആശങ്കയുമുണ്ടായിരുന്നു. പൂജാരയുടെ ബാറ്റിംഗ് ശൈലിയിലോ ബാറ്റിംഗ് ടെക്‌നിക്കിലോ യാതൊരു പ്രശ്‌നവുമില്ല. ഈ സീരീസില്‍ ബാറ്റ് ചെയ്ത ഏതാണ്ടെല്ലാ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരും 40 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ ആണ് ബാറ്റ് ചെയ്തതെങ്കിലും പൂജാര സ്‌ട്രൈക്ക് റേറ്റിന് അധികം ശ്രദ്ധ കൊടുക്കേണ്ടതില്ല.
വീണ്ടും രാജ്യാന്തര മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ പൂജാരയ്ക്ക് അവസാനത്തെ പിടിവള്ളി ടെസ്റ്റ് ലോക ചാംപ്യന്‍ഷിപ് ഫൈനലായിരുന്നു. പക്ഷേ, അവിടെയും പിഴച്ചു. 14, 27 എന്നിങ്ങനെയായിരുന്നു ഫൈനലില്‍ പൂജാരയുടെ സ്‌കോര്‍. ഈ പ്രകടനം പുറത്തേക്കുള്ള വഴിയൊരുങ്ങി. ടി20 ശൈലിയില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ബാസ്ബോള്‍ രീതിയുടെ വരവും ഒരുപരിധിവരെ പൂജാരയുടെ പുറത്താകലിനു കാരണമാണ്. മറ്റെല്ലാ ഫോര്‍മാറ്റുകളിലും എന്നത് പോലെ സെഷന്‍ ടു സെഷന്‍ ക്രിക്കറ്റിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു.
ഏകദിനത്തിലെ സ്‌കോറിങ് വേഗത പത്തോ ഇരുപതോ കൊല്ലം മുന്നേ ഉണ്ടായിരുന്ന പോലെയല്ല. മധ്യ ഓവറുകളില്‍ റണ്‍ റേറ്റ് കൂട്ടുന്ന ശൈലി ഇംഗ്ലണ്ടും ഓസ്ട്രേലിയയും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞു. ടെസ്റ്റിലും മാറങ്ങള്‍ വന്നു. അമിത പ്രതിരോധത്തില്‍ ഊന്നിയ ബാറ്റിങ്ങിന്റെ പേരില്‍ പൂജാര പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സ്ട്രൈക്ക് റേറ്റിനൊപ്പം ബാറ്റിങ് ശരാശരിയും താഴേക്കുവന്നത് പൂജാരയ്ക്ക് തിരിച്ചടിയായി.