
തിരുവനന്തപുരം: ജീവന്മരണപ്പോരാട്ടത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്ലിന്റെ സെമി ഫൈനലില്‍ കടന്നു. വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടവും വിഘ്‌നേഷ് പുത്തൂരിന്റെ അവിസ്മരണീയ ബൗളിങ് പ്രകടനവുമാണ് മത്സരത്തെ അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടമാക്കിയത്. അഞ്ച് വിക്കറ്റുമായി ടീമിന് വിജയമൊരുക്കിയ വിഘ്‌നേഷ് പുത്തൂരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - 20 ഓവറില്‍ 184/6, ട്രിവാണ്‍ഡ്രം റോയല്‍സ് - 19.3 ഓവറില്‍ 177.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. വി അജിത്തിന്റെ പന്തില്‍ ശ്രീഹരി നായര്‍ ക്യാച്ചെടുത്താണ് വരുണ്‍ (4) മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും അഖില്‍ സ്‌കറിയയും ചേര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കൂറ്റന്‍ ഷോട്ടുകളുമായി നിലയുറപ്പിക്കുകയായിരുന്ന രോഹനെ മനോഹരമായൊരു സ്ലോ ബോളിലൂടെ പുറത്താക്കി എം നിഖിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. രോഹന്‍ 35 റണ്‍സുമായി മടങ്ങി. റണ്‍റേറ്റ് ഉയര്‍ത്താന്‍ നാലാമനായി ജോസ് പെരയിലിനെ ഇറക്കിയ കാലിക്കറ്റിന്റെ തന്ത്രം ഫലം കണ്ടു. 15 പന്തില്‍ നാല് സിക്‌സടക്കം 31 റണ്‍സെടുത്ത ജോസ് തന്റെ റോള്‍ ഭംഗിയായി നിര്‍വ്വഹിച്ച് മടങ്ങി.
എന്നാല്‍ തുടര്‍ന്നെത്തിയ കൃഷ്ണദേവന്‍ ആറ് റണ്‍സെടുത്ത് പുറത്തായി. 29 റണ്‍സെടുത്ത അഖില്‍ സ്‌കറിയ റണ്ണൗട്ടായതും കാലിക്കറ്റിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സല്‍മാന്‍ നിസാറും അശ്വിന്‍ ആനന്ദും ചേര്‍ന്നാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 184ല്‍ എത്തിച്ചത്. സല്‍മാന്‍ 25 പന്തുകളില്‍ നിന്ന് 31 റണ്‍സും അശ്വിന്‍ ആനന്ദ് 12 പന്തുകളില്‍ നിന്ന് 24 റണ്‍സുമെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന്റെ ബാറ്റിങ് നിരയില്‍ വിഷ്ണു വിനോദ് ഒഴികെ മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. വിഷ്ണുവിന് പുറമെ 14 റണ്‍സെടുത്ത കൃഷ്ണപ്രസാദും 11 റണ്‍സെടുത്ത ഉജ്ജ്വല്‍ കൃഷ്ണയും മാത്രമാണ് രണ്ടക്കം കടന്നത്. എന്നാല്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ മത്സരത്തിന്റെ ആവേശം അവസാനം വരെ നിലനിര്‍ത്താന്‍ വിഷ്ണുവിനായി.
ഒന്‍പത് റണ്‍സെടുത്ത ഭരത് സൂര്യയായിരുന്നു ആദ്യം മടങ്ങിയത്. തുടര്‍ന്നെത്തിയ കൃഷ്ണപ്രസാദും വിഷ്ണു വിനോദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സെടുത്ത കൃഷ്ണപ്രസാദിനെ പുറത്താക്കി വിഘ്‌നേഷ് പുത്തൂര്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ശേഷമെത്തിയ ഗോവിന്ദ് ദേവ് പൈയെയും അതേ ഓവറില്‍ തന്നെ വിഘ്‌നേഷ് പുറത്താക്കി. വിഘ്‌നേഷിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തിനിടെ അക്ഷയ് മനോഹര്‍ (9) അഖില്‍ സ്‌കറിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തന്റെ അടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ സിജോമോന്‍ ജോസഫിനെയും (2) എം നിഖിലിനെയും (0) വിഘ്‌നേഷ് മടക്കി.
ഇതോടെ 13.3 ഓവറില്‍ ആറ് വിക്കറ്റിന് 97 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്. എന്നാല്‍ തുടര്‍ന്ന് തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്ന വിഷ്ണു വിനോദ് ഹരികൃഷ്ണന്‍ എറിഞ്ഞ 16-ാം ഓവറില്‍ 18 റണ്‍സ് നേടി. അഖിന്‍ സത്താര്‍ എറിഞ്ഞ അടുത്ത ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും നേടിയ വിഷ്ണു 56 പന്തുകളില്‍ നിന്ന് തന്റെ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 18 ഓവര്‍ അവസാനിക്കുമ്പോള്‍ 12 പന്തുകളില്‍ നിന്ന് 20 റണ്‍സ് മാത്രമാണ് റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അഖില്‍ സ്‌കറിയ എറിഞ്ഞ 19-ാം ഓവറില്‍ വിഷ്ണു വിനോദ് പുറത്തായതോടെ കളിയുടെ ഗതി മാറി.
62 പന്തുകളില്‍ 10 ഫോറും എട്ട് സിക്‌സുമടക്കം 118 റണ്‍സാണ് വിഷ്ണു വിനോദ് നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഒന്‍പത് റണ്‍സ് വേണ്ടിയിരുന്ന റോയല്‍സ് 177 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി വിഘ്‌നേഷ് പുത്തൂര്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അഖില്‍ സ്‌കറിയ,ഇബിനൂള്‍ അഫ്താബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!