വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പരിക്കിൽ നിന്ന് പ്രമുഖ താരങ്ങൾ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം.

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ടി20 ലോകകപ്പില്‍ കളിച്ച റിങ്കു സിംഗിനെയും കുൽദീപ് യാദവിനെയും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. സെപ്റ്റംബർ 13 ഞായറാഴ്ച മുതൽ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് ഇരുതാരങ്ങളെയും മാറ്റിനിർത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന് ജാഫർ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ഐപിഎല്ലിലും അടുത്തിടെ നടന്ന യു.പി ടി20 ലീഗിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനമാണ് റിങ്കു സിംഗ് കാഴ്ചവെച്ചതെന്ന് ജാഫർ ചൂണ്ടിക്കാട്ടി. ഐപിഎല്ലിൽ 59 ശരാശരിയിലും 148.98 സ്ട്രൈക്ക് റേറ്റിലും 295 റൺസ് നേടിയ റിങ്കു, യു.പി ടി20 ലീഗിൽ 219.48 സ്ട്രൈക്ക് റേറ്റിൽ 169 റൺസും ദുലീപ് ട്രോഫിയിൽ ഒരു അർധസെഞ്ചുറിയും നേടിയിരുന്നു. റിങ്കു സിംഗിന് ടീമിൽ സ്ഥാനം നിലനിർത്താൻ കഴിയാതെ പോയത് നിർഭാഗ്യകരമാണ്. വ്യക്തമായ കാരണവുമില്ലാതെയാണ് അവനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പരിക്കിൽ നിന്ന് പ്രമുഖ താരങ്ങൾ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ വഴിമാറേണ്ടി വരുന്നത് മനസിലാക്കാം. എന്നാൽ റിങ്കു ചെയ്ത തെറ്റന്താണ്?, നിർണായക പൊസിഷനുകളിൽ ഇറങ്ങി അവസരം ലഭിച്ചപ്പോഴൊക്കെയും അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും ജാഫർ പറഞ്ഞു. ഇന്ത്യയ്ക്കായി 35 ടി20 ഇന്നിങ്സുകളിൽ നിന്ന് 36.94 ശരാശരിയിലും 156.34 സ്ട്രൈക്ക് റേറ്റിലും 702 റൺസാണ് റിങ്കു നേടിയിട്ടുള്ളത്.

ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ കുൽദീപ് യാദവിനെ ഒഴിവാക്കിയതിലും വസീം ജാഫർ നിരാശ പ്രകടിപ്പിച്ചു. കുൽദീപിന്‍റെ കാര്യത്തിൽ ഞാൻ മുൻപും പലതവണ പറഞ്ഞിട്ടുള്ള കാര്യമാണിത്. യാതൊരു കാരണവുമില്ലാതെയാണ് കുല്‍ദീപ് ടീമിന് പുറത്തായത്. അവന്‍റെ കാര്യത്തിലും എനിക്ക് വലിയ വിഷമമുണ്ട്- ജാഫർ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി 54 ടി20 മത്സരങ്ങളിൽ നിന്ന് 13.74 ശരാശരിയിലും 6.95 ഇക്കോണമിയിലും 95 വിക്കറ്റുകൾ കുൽദീപ് നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക