
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് മുന്നില്‍ 250 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. ഓപ്പണറായി ഇരങ്ങിയ 43 പന്തില്‍ 94 റണ്‍സടിച്ച രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്‍റെ ടോപ് സ്കോറര്‍. സച്ചിന്‍ സുരേഷ് അജിനാസ്, അഖില്‍ സ്കറിയ എന്നിവരും കാലിക്കറ്റിനായി ബാറ്റിംഗില്‍ തിളങ്ങി. വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്ന് കളിക്കാനിറങ്ങിയത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കാലിക്കറ്റിനായി രോഹന്‍ കുന്നുമ്മലും സച്ചിന്‍ സുരേഷും ചേര്‍ന്ന് 8.3 ഓവറില്‍ സ്കോര്‍ 100 കടത്തി. ഇതിനിടെ 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സച്ചിന്‍ അടി തുടര്‍ന്നതോടെ കാലിക്കറ്റ് സ്കോര്‍ ബോര്‍ഡ് റോക്കറ്റ് വേഗത്തില്‍ കുതിച്ചു. 8.2 ഓവറില്‍ 102 റണ്‍സിലെത്തിയശേഷമാണ് സച്ചിന്‍ സുരേഷിന്‍റെ വിക്കറ്റ് കാലിക്കറ്റിന് നഷ്ടമായത്.
സെഞ്ചുറിയിലേക്ക് ബാറ്റുവീശിയ രോഹന്‍ കുന്നുമ്മലിനെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ അഫ്രാദ് നാസര്‍ പുറത്താക്കി. 43 പന്തില്‍ എട്ട് സിക്സും ആറ് ഫോറും പറത്തിയാണ് രോഹന്‍ 94 റണ്‍സടിച്ചത്. പിന്നീട് തകര്‍ത്തടിച്ച അജിനാസും(33 പന്തില്‍ 49) അകില്‍ സ്കറിയയും(19 പന്തില്‍ 45*), സല്‍മാന്‍ നിസാറും(5 പന്തില്‍ 13) മനു കൃഷ്ണനും(2 പന്തില്‍ 10*)ചേര്‍ന്ന് കാലിക്കറ്റിനെ 249 റണ്‍സിലെത്തിച്ചു.
തുടര്‍ച്ചയായ രണ്ട് ദിവസം മത്സരം കളിക്കേണ്ടിവന്നതിനാല്‍ സഞ്ജു ഇന്നത്തെ മത്സരത്തില്‍ നിന്ന് വിശ്രമമെടുത്തുവെന്നാണ് കരുതുന്നത്. ഇന്നലത്തെ മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 46 പന്തിൽ ഒമ്പത് സിക്‌സറും നാല് ഫോറുകളും അടക്കം 89 റൺസ് നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക