
ചണ്ഡീഗഡ്: ഐപിഎല്ലിൽ റൺകണ്ടെത്താൻ പാടുപെടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിന് സഹായ വാഗ്ദാനവുമായി മുൻതാരം യോഗ്‍രാജ് സിംഗ്. റിഷഭ് പന്തിന്‍റെ ബാറ്റിംഗിലെ സാങ്കേതിക പ്രശ്നങ്ങൾ അഞ്ച് മിനിറ്റുകൊണ്ട് പരിഹരിക്കാമെന്ന് മുന്‍ ഇന്ത്യൻ താരം യോഗ്‍രാജ് പറഞ്ഞു. ബാറ്റിംഗിന് നിൽക്കുമ്പോൾ റിഷഭ് പന്തിന്‍റെ തല ഉറയ്ക്കുന്നില്ല. ഇത് ശ്രദ്ധ നഷ്ടമാവാൻ കാരണമാവുന്നു. ഇടത് ചുമലിന്‍റെ സ്ഥാനവും ശരിയാക്കിയാൽ പന്തിന് ഫോമിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ കഴിയുമെന്ന് മുൻതാരം യുവരാജ് സിംഗിന്‍റെ അച്ഛൻ കൂടിയായ യോഗ്‍രാജ് സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പരിശീലകനെന്ന നിലയില്‍ ഇന്ത്യൻ താരങ്ങളായ ശുഭ്മാന്‍ ഗില്ലിനും അഭിഷേക് ശര്‍മക്കുമൊപ്പം യോഗ്‌രാജ് പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഎല്‍ മെഗാ താരലേലത്തിൽ ഡല്‍ഹിയില്‍ നിന്ന് 27 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് ലക്നൗവിലെത്തി റിഷഭ് പന്തിന് ഈ സീസണിലെ പന്ത്രണ്ട് കളിയിൽ 135 റൺസ് മാത്രമാണ് നേടാനായത്. കഴിഞ്ഞ 10 കളികളില്‍ 2, 2, ബാറ്റ് ചെയ്തില്ല, 21, 63, 3, 0, 4, 8 7 എന്നിങ്ങനെയായിരുന്നു റിഷഭ് പന്തിന്‍റെ പ്രകടനം. ഐപിഎൽ കരിയറിൽ പന്തിന്‍റെ ഏറ്റവും മോശം സീസൺ ആണിത്.
ബാറ്റിംഗ് ഫോം വീണ്ടെടുക്കാൻ പന്തിന് അൽപനാൾ വിശ്രമം നൽകണമെന്നും ശേഷിച്ച മത്സരങ്ങളിൽ നിന്ന് ലക്നൗ നായകൻ വിട്ടുനിൽക്കണമെന്നും മുൻതാരം കെ ശ്രീകാന്ത് പറഞ്ഞു. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതോടെ ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ലക്നൗവിന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!