
ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് തകര്‍ത്തപ്പോള്‍ 33 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായത് 14കാരന്‍ വൈഭവ് സൂര്യവന്‍ശിയായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി പവര്‍ പ്ലേയില്‍ കണ്ണും പൂട്ടി അടിക്കാന്‍ ശ്രമിക്കാതെ പക്വതയോടെ കളിക്കാനാണ് ഇന്നലെ വൈഭവ് ശ്രമിച്ചത്. തകര്‍ത്തടിച്ച് യശസ്വി ജയ്സ്വാള്‍ പുറത്തായപ്പോള്‍ പവര്‍ പ്ലേയില്‍ വൈഭവ് നേരിട്ടത് ഏഴ് പന്തുകള്‍ മാത്രമായിരുന്നു. പവര്‍ പ്ലേയിലെ അവസാന ഓവറിലെ അവസാന പന്തിലാണ് വൈഭവ് ആദ്യ ബൗണ്ടറി നേടുന്നത്.
എട്ടാം ഓവര്‍ എറിയാനെത്തിയ നൂര്‍ അഹമ്മദിനെതിരെ ഒരു സിക്സും രണ്ട് ബൗണ്ടറിയും നേടിയാണ് വൈഭവ് ടേക്ക് ഓഫ് ചെയ്തത്. എന്നാല്‍ പിന്നീടും അമിതാവേശം കാട്ടി വിക്കറ്റ് കളയാതെ കരുതലോടെ കളിച്ച വൈഭവ് മോശം പന്തുകള്‍ തെരഞ്ഞുപിടിച്ച് ശിക്ഷിച്ചു. രവീന്ദ്ര ജഡേജയെറിഞ്ഞ പതിനൊന്നാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ വൈഭവ് പന്ത്രണ്ടാം ഓവറില്‍ നൂര്‍ അഹമ്മദിനെ സിക്സിന് പറത്തി 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
പതിനാലാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജുവിനെ പുറത്താക്കിയ അശ്വിന്‍ അവസാന പന്തില്‍ വൈഭവിനെയും വീഴ്ത്തി. 33 പന്തില്‍ 57 റണ്‍സെടുത്ത വൈഭവ് നാലു സിക്സും നാലു ഫോറും പറത്തി. അശ്വിന്‍റെ ഇരട്ടപ്രഹരത്തില്‍ പകച്ചെങ്കിലും ധ്രുവ് ജുറെലും (12 പന്തില്‍ 31*), ഷിമ്രോണ്‍ ഹെറ്റ്മെയറും ചേര്‍ന്ന് രാജസ്ഥാനെ അനായാസം ജയത്തിലെത്തിച്ചു. മത്സരത്തിനൊടുവില്‍ കളിക്കാര്‍ പതിവ് ഹസ്തദാനം നടത്തുമ്പോള്‍ ചെന്നൈ നായകന്‍ എം എസ് ധോണിക്ക് അരികിലെത്തിയ വൈഭവ് ധോണിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടിയത് അപൂര്‍വ കാഴ്ചയുമായി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക