ക്യാപ്റ്റൻ ഹാര്‍ദിക് തിരിച്ചെത്തി, മുംബൈ വീണ്ടും തോറ്റു; പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി കൊല്‍ക്കത്ത, തിളങ്ങി മനീഷ് പാണ്ഡെ

Published : May 21, 2026, 12:19 AM IST
manish pandey

Synopsis

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ നിർണായക വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആറിനായി മനീഷ് പാണ്ഡെയും റോവ്മാൻ പവലും മികച്ച പ്രകടനം കാഴ്ചവെച്ചു. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷികൾ നിലനിർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസിനെതിരെ നേടിയ വിജയത്തോടെ നേരിയ പ്രതീക്ഷകൾ മാത്രമാണ് കൊൽക്കത്തയ്ക്കുള്ളത്. നിർണായക പോരിൽ ഇതിനകം പുറത്തായ മുംബൈയോട് നാല് വിക്കറ്റിന്‍റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കെകെആർ 18.5 ഓവറിൽ വിജയലക്ഷ്യത്തിലെത്തി. തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും മനീഷ് പാണ്ഡെ (45), റോവ്മാൻ പവൽ (40) എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. ഇരുവരും അടുത്തടുത്ത ഓവറിൽ പുറത്തായെങ്കിലും റിങ്കു സിംഗും അനുകുൽ റോയിയും കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. മുംബൈക്കായി കോര്‍ബിൻ ബോഷ് രണ്ട് വിക്കറ്റുകൾ നേടി. കെകെആര്‍ ഇപ്പോൾ പോയിന്‍റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

വില്ലനായി മഴ

നേരത്തെ, മഴ ഇടക്ക് തടസപ്പെടുത്തിയ കളിയില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് എടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 18 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോര്‍ബിന്‍ ബോഷാണ് മുംബൈയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 32 പന്തില്‍ 20 റണ്‍സെടുത്തു. രോഹിത് ശര്‍മ13 പന്തില്‍ 15ഉം സൂര്യകുമാര്‍ യാദവ് 6 പന്തില്‍ 15ഉം റണ്‍സെടുത്തു. കൊല്‍ക്കത്തക്കായി സൗരഭ് ദുബെയും കാര്‍ത്തിക് ത്യാഗിയും കാമറൂണ്‍ ഗ്രീനും രണ്ട് വിക്കറ്റ് വീതമെടുത്തു.

മുംബൈ നിരയില്‍ ക്യാപ്റ്റനായി ഹാര്‍ദിക്കും സൂര്യകുമാറും തിരിച്ചെത്തിയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. 7 പന്തില്‍ ആറ് റണ്‍സെടുത്ത റിയാന്‍ റിക്കിള്‍ടണെ മടക്കി കാമറൂണ്‍ ഗ്രീന്‍ ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ അതേ ഓവറില്‍ നമൻ ധിറിനെ പൂജ്യനായി മടക്കി ഗ്രീന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ തൊട്ടടുത്ത ഓവറില്‍ സിക്സ് പറത്തി പ്രതീക്ഷ നല്‍കിയ രോഹിത് ശര്‍മയെ പുറത്താക്കി സൗരഭ് ദുബെ മുംബൈയെ ഞെട്ടിച്ചു. സിക്സും ഫോറും അടിച്ച് പ്രതീക്ഷ നല്‍കിയ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 6 പന്തില്‍ 16 റണ്‍സെടുത്ത സൂര്യകുമാറിനെ സൗരഭ് ദുബെ തന്നെ ബൗള്‍ഡാക്കിയതോടെ മുംബൈ പവര്‍ പ്ലേയില്‍ 46-4ല്‍ ഒതുങ്ങി.

പവര്‍ പ്ലേക്ക് പിന്നാലെ മഴകാരണം മത്സരം നിര്‍ത്തിവെച്ചു. പിന്നീട് പുനരാംഭിച്ചപ്പോള്‍ ഓവറുകള്‍ വെട്ടിക്കുറച്ചില്ലെങ്കിലും മുംബൈക്ക് സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. തിലക് വര്‍മയും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും ക്രീസില്‍ പിടിച്ചു നിന്നു. ഇതിനിടെ തിലക് വര്‍മ നല്‍കിയ ക്യാച്ച് വരുണ്‍ കൈവിട്ടു. പിന്നാലെ സുനില്‍ നരെയ്നെതിരെ തിലക് വര്‍മയും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഹാര്‍ദിക് പാണ്ഡ്യയും സിക്സുകള്‍ പറത്തി മുംബൈക്ക് പ്രതീക്ഷ നല്‍കി.എന്നാല്‍ പതിനാാലം ഓവറില്‍ തിലക് വര്‍മയെ(32 പന്തില്‍ 20) പുറത്താക്കി കാര്‍ത്തിക് ത്യാഗി കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ പതിനാറാം ഓവറില്‍ ഹാര്‍ദിക്കിനെ സുനില്‍ നരെയ്ന്‍ ബൗള്‍ഡാക്കി. വില്‍ ജാക്സിനെ(7 പന്തില്‍ 14) പുറത്താക്കിയതോടെ മുംബൈയുടെ അവസാന പ്രതീക്ഷയും തകര്‍ന്നു. 17 ഓവറില്‍ 115-7 എന്ന സ്കോറിലായിരുന്ന മുംബൈയെ അവസാന മൂന്നോവറില്‍ 20 പന്തില്‍ 42 റണ്‍സടിച്ച കോര്‍ബിന്‍ ബോഷും(18 പന്തില്‍ 32*) ദീപക് ചാഹറും(7 പന്തില്‍ 10) ചേര്‍ന്നാണ് മുംബൈയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഈഡനിൽ മഴക്കളി; തുടക്കത്തിൽ അടിതെറ്റിയിട്ടും കൊൽക്കത്തക്കെതിരെ പൊരുതാവുന്ന സ്കോറുമായി മുംബൈ
കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണ്ണമെന്‍റിൽ വിജയവുമായി തിരുവനന്തപുരവും തൃശൂരും