വെല്ലിംഗ്ടൺ ടെസ്റ്റിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. സിറാജിനെ കളിപ്പിച്ചിരുന്നെങ്കിലും മത്സരഫലം മാറില്ലായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ക്യാപ്റ്റന്‍ ശുഭ്്മാന്‍ ഗില്‍. ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മത്സരഫലത്തില്‍ മാറ്റമുണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്ത്് കൂടിയായ സിറാജിനെ ഒഴിവാക്കിയ വിവരം അറിയിക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെന്നും ഗില്‍ സമ്മതിച്ചു. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറായ 720/9 ഡിക്ലയേര്‍ഡ് എന്ന നിലയിലെത്തിയ ശേഷം, 352 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിട്ടും വിജയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തിയത്. അവസാന ദിനം ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് നടത്തിയ പോരാട്ടം ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രതിരോധിക്കാന്‍ ആതിഥേയരെ സഹായിച്ചു. 120 ഓവര്‍ ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടിയതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.

സിറാജിനെയും രവീന്ദ്ര ജഡേജയെയും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ മത്സരഫലത്തില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഗില്ലിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. 'അങ്ങനെ ഞാന്‍ കരുതുന്നില്ല. സിറാജ് മികച്ചൊരു കളിക്കാരനും ഇന്ത്യയ്ക്കായി ഏറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ബൗളറുമാണ്. അതിനെല്ലാം ഉപരിയായി അവന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അവനെ ഒഴിവാക്കുക എന്നത് എനിക്കും ഏറെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഏത് ബൗളര്‍മാരാണ് ഫോമിലുള്ളതെന്ന് നോക്കേണ്ടതുണ്ട്.'' ഗില്‍ പറഞ്ഞു.

മത്സരത്തിന് മുന്‍പ് തന്നെ തീരുമാനം താരത്തെ അറിയിച്ചിരുന്നുവെന്നും, ഒഴിവാക്കിയതിന്റെ കാരണം അദ്ദേഹം മനസ്സിലാക്കി ടീമിലേക്ക് ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ അവനുമായി സംസാരിച്ചു. ഈ മത്സരത്തില്‍ അവന്‍ ഉണ്ടാകില്ലെന്ന് കളിക്ക് മുന്‍പേ ഞാന്‍ അവനോട് പറഞ്ഞു. അവന്‍ അത് പൂര്‍ണ്ണമായി അംഗീകരിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അതിന്റെ യുക്തി അദ്ദേഹത്തിന് മനസ്സിലായി.'' ഗില്‍ വ്യക്തമാക്കി.

സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വിദേശ പിച്ചുകളിലെ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ സ്ഥിരം സാന്നിധ്യമായിരുന്ന ഒരു ബൗളര്‍ എങ്ങനെയാണ് ആദ്യ നാല് പേരുടെ പട്ടികയ്ക്ക് പുറത്തായതെന്ന് ചോദിച്ച് സുനില്‍ ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

YouTube video player