
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറിയുമായി മുംബൈ താരം ആയുഷ് മാത്രെ. അണ്ടര്‍ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പട്ടതിന് പിന്നാലെയാണ് മാത്രെയുടെ തകര്‍പ്പന്‍ പ്രകടനം. വിദര്‍ഭയ്ക്കെതിരെ ബാറ്റ് ചെയ്ത 18 കാരന്‍ 53 പന്തില്‍ നിന്ന് 110 റണ്‍സ് നേടി പുറത്താകാതെ നിന്നു. എട്ട് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാത്രെയുടെ ഇന്നിംഗ്‌സ്. ലഖ്നൗവില്‍ വിദര്‍ഭയെ 7 വിക്കറ്റിന് പരാജയപ്പെടുത്താനും മുംബൈക്ക് സാധിച്ചു.
മാത്രെയുടെ പ്രകടനത്തിന് പുറമെ സൂര്യകുമാര്‍ യാദവ് (35) ശിവം ദുബെ (39) എന്നിവരുടെ പ്രകടനവും മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അജിങ്ക്യ രഹാനെ റണ്‍സെടുക്കാതെ പുറത്തായി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ അഥര്‍വ തൈഡെയും (64) അമന്‍ മൊഖാഡെയും (61) ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും 115 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ പിന്നീട് വിദര്‍ഭ തകര്‍ച്ച നേരിട്ടു. യാഷ് റാത്തോഡ് (23), ഹര്‍ഷ് ദുബെ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ശിവം ദുബെ, സായ്‌രാജ് പാട്ടീല്‍ എന്നിവര്‍ മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അതേസമയം, മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ബിഹാര്‍ താരം വൈഭവ് സൂര്യവന്‍ഷി 9 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.
മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടില്‍ ഹരിയാനയ്ക്കെതിരായ വെറും ആറ് റണ്‍സിന് താരം പുറത്തായി. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു അഭിഷേകിന്റെ മോശം പ്രകടനം. റണ്‍ചേസിന്റെ മൂന്നാം ഓവറിലെ നാലാം പന്തില്‍ അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ അഭിഷേക് പുറത്താവുകയായിരുന്നു.
കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണും ഇന്ന് തിളങ്ങാന്‍ സാധിച്ചില്ല. റെയില്‍വേസിനെതിരായ മത്സരത്തില്‍ 25 പന്തില്‍ 19 റണ്‍സെടുക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്. മത്സരത്തില്‍ കേരളം 32 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. 150 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സല്‍മാന്‍ നിസാര്‍ 18 റണ്‍സെടുത്തപ്പോള്‍ അഖില്‍ സ്‌കറിയയും അങ്കിത് ശര്‍മയും 15 റണ്‍സ് വീതമെടുത്തു.