ഹീതര്‍ നൈറ്റിന് സെഞ്ചുറി, ദീപ്തിക്ക് നാല് വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

Published : Oct 19, 2025, 06:42 PM IST
Century for Heather Knight

Synopsis

ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ഹീതര്‍ നൈറ്റിന്റെ (109) സെഞ്ചുറിയാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. എമി ജോണ്‍സ് 56 റണ്‍സ് നേടി. എട്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ നാലും ശ്രീചരണി രണ്ടും വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജമീമ റോഡ്രിഗസിന് പകരം രേണുക സിംഗ് ടീമിലെത്തി. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. സോഫി എക്ലെസ്‌റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ബ്യൂമോണ്ട് - എമി സഖ്യം 73 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറിലാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബ്യൂമോണ്ടിനെ ദീപ്തി ശര്‍മ ബൗള്‍ഡാക്കി. അധികം വൈകാതെ എമിയേയും ദീപ്തി മടക്കി. സ്മൃതി മന്ദാനയ്ക്ക് ക്യാച്ച്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് നൈറ്റ് - നതാലി സ്‌കിവര്‍ ബ്രന്റ് (38) സഖ്യം 113 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോയികൊണ്ടിരിക്കെ ചരണി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്‌കിവറിനെ കവറില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ കൈകളിലെത്തിച്ചു.

പിന്നാലെ നൈറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 45-ാം ഓവറില്‍ പുറത്താവുകയും ചെയ്തു. റണ്ണൗട്ടാവുകയായിരുന്നു താരം. ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. സോഫിയ ഡങ്ക്‌ലി (15), എമ്മ ലാമ്പ് (11), ആലീസ് ക്യാപ്‌സി (2), സോഫി എക്ലെസ്റ്റോണ്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ചാര്‍ലോട്ട് ഡീനിന്റെ ഇന്നിംഗ്‌സ് (13 പന്തില്‍ പുറത്താവാതെ 19) ഇംഗ്ലണ്ടിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ലിന്‍സെ സ്മിത്ത് (0) പുറത്താവാതെ നിന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. നാല് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഇന്ത്യക്കുള്ളത്. ഇന്ന് ജയിച്ചാല്‍ മാത്രമെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. തോല്‍വി അറിയാതെ മുന്നേറുന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റ്. ഇന്ന് ജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഉറപ്പിക്കാം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യന്‍: പ്രതീക റാവല്‍, സ്മൃതി മന്ദാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (ക്യാപ്റ്റന്‍), അമന്‍ജോത് കൗര്‍, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.

ഇംഗ്ലണ്ട് : ആമി ജോണ്‍സ് (ക്യാപ്റ്റന്‍), ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍
ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം