
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത അവസാന ഓവറുകളിലേക്ക് ആവേശം വിതറിയെങ്കിലും ഏഴ് റണ്‍സിനകലെ ചിറകറ്റ് വീഴാനായിരുന്നു വിധി. കൊൽക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. ത്രില്ലര്‍ മത്സരത്തില്‍ ഹാട്രിക് സഹിതം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് കൊൽക്കത്തയുടെ ചിറകരിഞ്ഞത്. വാലറ്റത്ത് അപ്രതീക്ഷിത കൊടുങ്കാറ്റായി മാറിയ ഉമേഷ് യാദവ് ഉയർത്തിയ വെല്ലുവിളി അടക്കം അതിജീവിച്ചാണ് രാജസ്ഥാൻ വിജയ തീരത്തെത്തിയത്. ഒമ്പതാം വിക്കറ്റില്‍ തകര്‍ത്തടിച്ച് ഉമേഷ് യാദവ് 9 പന്തില്‍ 21 റണ്‍സ് നേടി പുറത്തായതോടെയാണ് മത്സരം രാജസ്ഥാന്‍റെ വഴിയിലെത്തിയത്.
നേരത്തെ 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും28 പന്തില്‍ 58 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും കൊൽക്കത്തയെ അനായസ ജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും യുസ്വേന്ദ്ര ചഹൽ കൊൽക്കത്തയുടെ ചിറക് അരിയുകയായിരുന്നു. നാല് ഓവറിൽ നാൽപ്പത് റൺസ് വഴങ്ങി ചഹൽ അഞ്ച് വിക്കറ്റുകളാണ് കൊഴ്തെടുത്തത്. ചെഹൽ എറിഞ്ഞ 17–ാം ഓവറാണ് മത്സരത്തിൽ നിർണായക വഴിത്തിരിവായത്. ഓവറിന്റെ അവസാന മൂന്നു പന്തുകളിൽ ശ്രേയസ് അയ്യരെ അടക്കം കൂടാരത്തിലെത്തിച്ച ചഹലിന്‍റെ ഹാട്രിക് പ്രകടനമാണ് കൊൽക്കത്തയുടെ വിധി തീരുമാനിച്ചത്.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്‌ലര്‍ നേടിയത്. സീസണില്‍ ബട്ട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. നായകൻ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!