
ഓക്‌ലന്‍ഡ്: ക്രിക്കറ്റ് നിയമങ്ങള്‍ പലപ്പോഴും പരിഹാസത്തിന് ഇടവരുത്താറുണ്ട്. അതുപോലൊരും ന്യൂസിലന്‍ഡ്- ശ്രീലങ്ക ആദ്യ ഏകദിനത്തിലുണ്ടായി. ഓക്‌ലന്‍ഡ്, ഈഡന്‍ പാര്‍ക്കില്‍ നടന്ന ഏകദിനത്തില്‍ 198 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് 49.3 ഓവറില്‍ 274ന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ക്ക് 19.5 ഓവറില്‍ 76 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടി ഹെന്റി ഷിപ്ലിയാണ് ലങ്കയെ തകര്‍ത്തത്.
ശ്രീലങ്കന്‍ താരം ചാമിക കരുണാത്‌നെ ബാറ്റ് ചെയ്യുമ്പോഴാണ് രസകരമായ സംഭവം. ബ്ലെയര്‍ ടിക്‌നര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ചാമിക റണ്‍സ് ഓടിയെടുക്കുന്നതിനിടെ റണ്ണൗട്ടായതാണ്. ഫീല്‍ഡറില്‍ നിന്ന് ത്രോ സ്വീകരിച്ച ടിക്‌നര്‍ ചാമികയെ റണ്ണൗട്ടാക്കി. പന്ത് കയ്യിലെത്തിയ ഉടനെ ടിക്‌നര്‍ ബെല്‍സ് ഇളക്കി. ചാമിക ഒരു മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും ക്രീസിലെത്തിയില്ല. വീഡിയോ ദൃശ്യങ്ങളില്‍ താരം ഔട്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍ താരത്തെ ക്രീസില്‍ തുടരാന്‍ അംപയര്‍ അനുവദിച്ചു. ബെയ്ല്‍സില്‍ ലൈറ്റ് കത്തിയില്ലെന്ന കാരണത്തെ തുടര്‍ന്നാണ് ചാമികയെ തുടരാന്‍ അനുവദിച്ചത്. ബെയ്ല്‍സിനുള്ള ബാറ്ററി പ്രവര്‍ത്തിക്കാതെ പോയതാണ് ചാമികയെ രക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. വിവാദ തീരുമാനത്തെ കുറിച്ചുള്ള ചില ട്വീറ്റുകള്‍ വായിക്കാം...
ചാമിക രക്ഷപ്പെട്ടിട്ടും ശ്രീലങ്കയ്ക്ക് ജയിക്കാനായില്ല. 198 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ശ്രീലങ്കയേറ്റുവാങ്ങിയത്. ഇതോടെ, ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയേറ്റുവാങ്ങുന്ന ടീമായി ശ്രീലങ്ക. 882 മത്സരങ്ങളില്‍ 439 മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. 47.62-ാണ് വിജയശതമാനം. ഏകദിനത്തില്‍ ലങ്കയുടെ ഏറ്റവും മോശം സ്‌കോറിലൊന്നാണിത്.
2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളില്‍ 43ന് പുറത്തായതാണ് മോശം സ്‌കോര്‍. 1986ല്‍ ഷാര്‍ജയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 55ന് പുറത്തായത് രണ്ടാം സ്ഥാനത്തും. 2014ല്‍, മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ 67ന് ലങ്ക പുറത്തായി. ഇന്ത്യക്കെതിരെ തിരുവനന്തപുരത്ത് 73ന് പുറത്തായത് നാലാമത്. ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പ്രകടനവും ചെറിയ സ്‌കോറിന്റെ പട്ടികയില്‍ ഇടം നേടി. 2002ല്‍ ഷാര്‍ജയില്‍ പാക്കിസ്താനെതിരെ ഷാര്‍ജയില്‍ 78 റണ്‍സിനും ലങ്ക കൂടാരം കയറിയിരുന്നു.
കെനിയ്ക്ക് ശേഷം ശ്രീലങ്ക! ഇന്ത്യയും കിവീസും ലങ്കയെ തള്ളിവിട്ടത് ഏകദിന ക്രിക്കറ്റിലെ നാണക്കേടിലേക്ക്