
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ മികച്ച നിലയിലായിരുന്ന പാകിസ്ഥാനെ ബാക്ക് ഫൂട്ടിലാക്കി ഇന്ത്യ.47 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ പാകിസ്ഥാനെ മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സൗദ് ഷക്കീലും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് മികച്ച നിലയില്‍ എത്തിച്ചെങ്കിലും റിസ്‌വാനെ പുറത്താക്കി അക്സര്‍ പട്ടേല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
പിന്നാലെ സൗദ് ഷക്കീലിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജയും മടക്കിയതോടെ പാകിസ്ഥാന്‍ 151-2ല്‍ നിന്ന് 165-5ലേക്ക് തകര്‍ന്നടിഞ്ഞു. സല്‍മാന്‍ ആഗയും കുഷ്ദില്‍ ഷായും ചേര്‍ന്ന് പാകിസ്ഥാനെ 200 കടത്തിയെങ്കിലും ഒരോവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ സല്‍മാൻ ആഗയെയും(19) ഷഹീന്‍ അഫ്രീദിയെയും(0) വീഴ്ത്തിയ കുല്‍ദീപ് വീണ്ടും പാകിസ്ഥാന് ബ്രേക്കിട്ടു. ഇന്ത്യക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ 43 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ കുഷ്ദില്‍ ഷായും റണ്ണൊന്നുമെടുക്കാതെ നസീം ഷായും ക്രീസില്‍.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ഇമാമും ബാബറും ചേര്‍ന്ന് 8 ഓവറില്‍ 41 റണ്‍സെടുത്ത് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ 26 പന്തില്‍ അഞ്ച് ബൗണ്ടറികളോടെ 23 റണ്‍സെടുത്ത ബാബറിനെ വിക്കറ്റിന് പിന്നില്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഇമാമിനെ അക്സര്‍ റണ്ണൗട്ടാക്കി. ഇതോടെ പാകിസ്ഥാന്‍ 47-2 എന്ന സ്കോറില്‍ പതറി.
എന്നാല്‍ ബംഗ്ലാദേശിനെതിരെയെന്ന പോലെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേര്‍ന്ന് പതുക്കെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇതിനിടെ ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ റിസ്‌വാനും അക്സറിന്‍റെ പന്തില്‍ സൗദ് ഷക്കീലും നല്‍കിയ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തു. 46 റണ്‍സെടുത്തു നില്‍ക്കെ ഹാര്‍ദ്ദിക്കിന്‍റെ പന്തില്‍ റിസ്‌വാനെ ഹര്‍ഷിത് റാണ കൈവിട്ടെങ്കിലും തൊട്ടടുത്ത ഓവറില്‍ അതേ സ്കോറില്‍ റിസ്‌വാനെ അക്സര്‍ പുറത്താക്കി.സൗദ് ഷക്കീല്‍ 58 റണ്‍സെടുത്ത് നില്‍ക്കെയാണ് അക്സറിന്‍റെ പന്തില്‍ കുല്‍ദീപ് യാദവ് സൗദ് ഷക്കീലിനെ കൈവിട്ടത്. എന്നാല്‍ ഹാര്‍ദ്ദിക് അടുത്ത ഓവറില്‍ സൗദ് ഷക്കീലിനെ(62) മടക്കി. തയ്യാബ് താഹിറിനെ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!